കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചാനാക്കേസിലും അന്വേഷണ സംഘം ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ കാവ്യാ മാധവന്റെ മൊഴികളിൽ ചില പഴുതുകളും പൊരുത്തക്കേടുകളും കണ്ടെത്തിയതായി റിപ്പോർട്ട്. ഇതേ തുടർന്ന് കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
കാവ്യാ മാധവൻ നൽകിയ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി പരിശോധിക്കും. ക്രൈംബ്രാഞ്ച് എഡിജിപി അടക്കമുളളവരുടെ അനുമതിയോടെയാകും തുടർ നടപടികൾ.
എന്നാൽ തുടരന്വേഷണത്തിന്റെ മുന്നോട്ടുളള പോക്കിൽ കാവ്യയുടെ മൊഴി നിർണായകമാണെങ്കിൽ മാത്രം വീണ്ടും ചോദ്യം ചെയ്താൽ മതിയെന്ന് ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിലപാട്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനും കാവ്യക്കും മുൻ വൈരാഗ്യമുണ്ടായിരുന്നു എങ്കിൽ എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്.
ഒരുമാസം നീണ്ട് നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കാവ്യമാധവനെ ക്രൈംബ്രാഞ്ച് സംഘമെത്തി ചോദ്യം ചെയ്തത്. സാക്ഷിയായത് കൊണ്ട് തന്നെ മൊഴിയെടുക്കാൻ വീട്ടിൽ എത്തണമെന്ന് കാവ്യാമാധവൻ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൽ എസ് പി സുദർശനും ബൈജു പൗലോസും, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എസ് പി മോഹന ചന്ദ്രനുമാണ് ഒരുമിച്ച് ദിലീപിന്റെ വീട്ടിൽ എത്തിയത്. ചോദ്യം ചെയ്യൽ നാലര മണിക്കൂർ നീണ്ടു.