മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് ഒൻപതാം തോൽവി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ മുംബൈ 17.3 ഓവറിൽ 113 റൺസിനു പുറത്തായി. കൊൽക്കത്തയ്ക്ക് 52 റൺസ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്.
മറുപടി ബാറ്റിങ്ങിൽ ഇഷാൻ കിഷൻ മാത്രമാണ് മുംബൈയ്ക്കായി തിളങ്ങിയത്. 43 പന്തുകൾ നേരിട്ട ഇഷാൻ 51 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമയടക്കം (2) മുംബൈയുടെ ആറ് താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി. രമൺദീപ് സിങ് (16 പന്തിൽ 12), ടിം ഡേവിഡ് (9 പന്തിൽ 13), കീറൺ പൊള്ളാർഡ് (16 പന്തിൽ 15) എന്നിവരാണു മുംബൈയുടെ മറ്റു പ്രധാന റൺവേട്ടക്കാർ.
കൊൽക്കത്തയ്ക്കായി പാറ്റ് കമ്മിൻസ് മൂന്നും റസ്സൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ടിം സൗത്തി, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സെടുത്തു.
കോൽക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാർ ഒരുക്കിയത്. വെങ്കടേഷ് അയ്യരും (24 പന്തിൽ 43) അജിങ്ക്യ രഹാനയും (24 പന്തിൽ 25) ചേർന്ന് 60 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു. നിതീഷ് റാണ 26 പന്തിൽ 43 റണ്‍സും റിങ്കു സിംഗ് പുറത്താകാതെ 19 പന്തിൽ 23 റണ്‍സുമെടുത്തു. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.
ജസ്പ്രീത ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് കോൽക്കത്തയുടെ താളം തെറ്റിച്ചത്. കുമാർ കാർത്തികേയ രണ്ട് വിക്കറ്റും നേടി.
11 മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമാത്രമുള്ള മുംബൈ പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. അഞ്ചാം ജയത്തോടെ പത്ത് പോയിന്റുമായി കൊൽക്കത്ത ഏഴാം സ്ഥാനത്തേക്കു കയറി.