ചെന്നൈ: ഷവർമ കഴിക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. ഷവർമ ഇന്ത്യൻ ഭക്ഷണമല്ലെന്നും മറ്റ് ഭക്ഷണങ്ങൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാസർഗോഡ് ഷവർമ വിഷബാധയിൽ ഒരു പെൺകുട്ടി മരണപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
“ഷവർമ പാശ്ചാത്യ ഭക്ഷണമാണ്. കാലാവസ്ഥ പരിഗണിക്കുമ്പോൾ ആ ഭക്ഷണമൊക്കെ പാശ്ചാത്യ രാജ്യങ്ങളിലാണ് ഉചിതമാവുക. അവിടെയൊക്കെ ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് പോവാറുണ്ട്. അതുകൊണ്ട്, പുറത്തുവച്ചാലും അതൊന്നും കേടാവില്ല. ഏത് ഇറച്ചി ആയാലും ഫ്രീസറിൽ കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ അത് കേടാവും. കേടായ സാധനങ്ങൾ കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. ഈ ഭക്ഷണമൊക്കെ നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നതാണോ എന്ന് ആരും ചിന്തിക്കുന്നില്ല. ഇത് വിൽക്കുന്ന ആളുകൾ കൃത്യമായി അത് സൂക്ഷിക്കാൻ മെനക്കെടാറുമില്ല. അവർ അതിൽ കച്ചവട താത്പര്യം മാത്രമാണ് കാണുന്നത്.”- മന്ത്രി പറഞ്ഞു.
രാജ്യമെമ്പാടുമുള്ള ഷവര്‍മ കടകള്‍ക്ക് ശരിയായ സംഭരണ സംവിധാനങ്ങളില്ലെന്നും പൊടിപടലങ്ങള്‍ നേരിട്ട് ഏല്ക്കുന്ന വിധത്തിലാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് താല്പര്യമുണ്ടെന്ന കാരണത്താല്‍ പല കടകളും അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് വില്പന നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.