കാസര്‍ഗോഡ്: ഷവര്‍മ്മയില്‍ നിന്ന് വിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തില്‍ കാസർഗോട്ടെ കടയുടമയ്ക്കെതിരെ പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്. ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
കുഞ്ഞഹമ്മദിന്റെ കൂൾബാറിൽനിന്ന് ഷവർമ കഴിച്ചാണ് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചതും 59 പേർ ആശുപത്രിയിലായതും. കേസിൽ കൂൾബാർ മാനേജർ, മാനേജിംഗ് പാർട്ണർ, ഷവർമ ഉണ്ടാക്കിയ നേപ്പാൾ സ്വദേശി എന്നിവർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
ഐഡിയൽ കൂൾബാറിലേക്ക് ചിക്കൻ എത്തിച്ചു നൽകിയ ബദരിയ ചിക്കൻ സെന്റർ അധികൃതർ നേരത്തേ പൂട്ടിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റേതാണ് നടപടി. സംഭവത്തിൽ ശാസ്ത്രീയ പരിശോധന തുടരുകയാണെന്ന് ഫുഡ് സേഫ്റ്റി ഓഫിസർ പറഞ്ഞു.
ലൈസൻസ് കാലാവധി പൂർത്തിയായ സ്ഥാപനം പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിച്ചത് കൃത്യമായി പരിശോധന നടക്കാത്തതുകൊണ്ടാണെന്ന പരോക്ഷ വിമർശനം എഡിഎമ്മിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റോ, തൊഴിലാളികളുടെ ആരോഗ്യ കാര്‍ഡോ ഇല്ലാതെയാണ് നിലവിൽ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് അധികൃതർ ലൈസൻസ് അനുവദിക്കുന്നത്. ഇതിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കൃത്യമായ നിരീക്ഷണമില്ലാത്തത് പാളിച്ചയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചെറുവത്തൂർ പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.