മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ദഹാനു റോഡ് റെയിൽവേ സ്റ്റേഷനിൽ ബാന്ദ്രയിൽ നിന്ന് ജമ്മു താവിയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ 20 വയസുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
യുവതിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.യാത്രക്കിടെ വച്ച് യുവതി ശുചിമുറിയിലേക്ക് പോവുകയായിരുന്നു. ഏറെ നേരമായിട്ടും യുവതി തിരികെവരാത്തതിനെ തുടർന്ന് യാത്രക്കാർ വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് ടിക്കറ്റ് എക്സാമിനറും യാത്രക്കാരും ചേർന്ന് ശുചിമുറി തുറക്കാൻ ശ്രമിച്ചെങ്കിലും അത് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു.
തുടർന്ന് ഉച്ചക്ക് 1.10ന് സ്റ്റോപ്പില്ലാത്ത ട്രെയിൻ ദഹാനു റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി. ഇവിടെ വച്ച് അധികൃതരെത്തി ശുചിമുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ കഴുത്തിനു ചുറ്റും തുണിചുറ്റിയ നിലയിൽ യുവതി നിലത്ത് മരിച്ചുകിടക്കുന്നതാണ് കണ്ടത്.
യുവതിയിൽ നിന്ന് ലഭിച്ച ആധാർ വിവരങ്ങൾ പ്രകാരം ബിഹാർ സ്വദേശിയായ ആരതി കുമാരിയാണ് മരണപ്പെട്ടത്.