തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ രാത്രി വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി 11നാണു പൊലീസ് കണ്ട്രോള് റൂമിലേക്കു ഫോണ്‍ സന്ദേശം എത്തിയത്. സെക്രട്ടേറിയറ്റിനു പുറത്തു ബോംബ് വച്ചിട്ടുണ്ടെന്നു മാത്രമായിരുന്നു സന്ദേശം. തുടര്‍ന്നു കന്റോണ്‍മെന്റ് പൊലീസ് ഡോഗ് സ്ക്വാഡിനെ വിളിച്ചുവരുത്തി തിരച്ചില്‍ നടത്തി.
പൊലീസും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെ വന്‍സംഘം പ്രദേശത്തു മണിക്കൂറുകളോളം വ്യാപക തിരച്ചില്‍ നടത്തി.സംഭവത്തില്‍ മാറനല്ലൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസികവെല്ലുവിളി നേരിടുന്നയാളാണെന്നു പൊലീസ് പറഞ്ഞു.
ഫോണ്‍ വിളിച്ചയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അര മണിക്കൂറിനു ശേഷമാണു പൊലീസ് കണ്ടെത്തിയത്. എന്നാല്‍, സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്നു വാട്സാപ്പില്‍ സന്ദേശം വന്നെന്നും ഇതു പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നുമാണു കസ്റ്റഡിയിലുള്ളയാള്‍ പൊലീസിനോട് പറഞ്ഞത്.