ഇടുക്കി: അനധികൃത വാഹന പാർക്കിംങ്ങും വഴിയോര കച്ചവടങ്ങളും സജീവമായതോടെ മൂന്നാറിൽ വീണ്ടും ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര മേഖലകളിൽ എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ മണിക്കൂറുകളോളമാണ് കുരുക്കിൽ അകപ്പെടുന്നത്. ത്രിതലപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ട്രാഫിക്ക് പരിഷ്കാരങ്ങൾ ഫലം കാണാത്തതും ഗതാഗത കുരുക്ക് വർദ്ധിക്കാൻ കാരണമായി.
കനത്ത വേനൽചൂടിൽ നിന്ന് ആശ്വസം തേടുന്നതോടൊപ്പം മൂന്നാറിലെ വിവിധ വിനോദസഞ്ചാര മേഖലകൾ സന്ദർശിച്ച് പുഷ്മേള ആസ്വദിച്ച് മടങ്ങാൻ എത്തിയ സഞ്ചാരികൾ ഗാതാഗത കുരുക്കിൽ അകപ്പെട്ടത് മണിക്കൂറുകളോളമാണ്. മാട്ടുപ്പെട്ടി, രാജമല, ടോപ്പ് സ്റ്റേഷൻ തുടങ്ങിയ മേഖലകൾ സന്ദർശിച്ച് മടങ്ങാൻ എത്തിയ സഞ്ചാരികളാണ് ട്രാഫിക്ക് കുരുക്കിൽ അകപ്പെട്ടത്. പല സ്ഥലങ്ങളിലേക്കും എത്തിപ്പെടാൻ ഒന്നര മണിക്കൂർ മുതൽ രണ്ടുമണിക്കൂർ വരെയാണ് റോഡിൽ കിടക്കേണ്ടി വന്നതെന്ന് ഡ്രൈവർമാർ പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വന്നതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് ദിനം തോറും കൂടിവന്നിരുന്നു. ഏപ്രിൽ മെയ് മാസത്തോടെ സഞ്ചാരികളുടെ ഒഴുക്ക് പതിൻമടങ്ങ് വർദ്ധിക്കുമെന്ന് മനസിലാക്കിയ ദേവികുളം-മൂന്നാർ പഞ്ചായത്തുകൾ വിവിധ പരിഷ്കാരങ്ങളാണ് മൂന്നാറിൽ നടപ്പിലാക്കാൻ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി പാതയോരത്തെ പെട്ടിക്കടകളും അനധികൃത വാഹനപാർക്കിംങ്ങുകളും ഒഴിവാക്കാൻ തീരുമാനിച്ചു.