മണിപ്പൂരിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ചെറുകിട സ്വർണ വ്യാപാരി ആറമ്പം നാനാവോ (37) ന്റെ കേസിൽ ഇടപെട്ട് ഐക്യരാഷ്ട്രസഭ. ഏറെ വിവാദമായ കേസിന്റെ അന്വേഷണം നിരീക്ഷിക്കാൻ മണിപ്പൂരിലെ മനുഷ്യാവകാശസംഘടനകളും ഐക്യരാഷ്ട്രസഭയും (സിഎസ്സിഎച്ച്ആർ) മണിപ്പൂർ മനുഷ്യാവകാശ കമ്മീഷനോട് (എംഎച്ച്ആർസി) അഭ്യർത്ഥിച്ചു.
മെയ് രണ്ടിനായിരുന്നു നാനാവോ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന അതിക്രൂരമായ ആക്രമണത്തെ തുടർന്ന് മരിച്ചത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. കസ്റ്റഡിയിലെടുത്ത നാനാവോയെ മോചിപ്പിക്കാൻ പോലീസ് പണം ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു.
ഇംഫാലിലെ സഗോൽബന്ദ് ഖംഗബാം ലെയ്കായിയിലെ താമസക്കാരനായ ആറമ്പം നാനോയെ സിവിൽ ഡ്രെസ്സിൽ വന്ന ഒരു പോലീസ് സംഘം അദ്ദേഹത്തിന്റെ വീടിന് പുറത്ത് നിന്ന് ബലമായി പിടികൂടുകയായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ആറമ്പം ഒങ്ബി കോംബിറേയുടെ മുന്നിൽ വെച്ചാണ് നാനോയെ പിടികൂടി കൊണ്ടുപോയത്. സിഎസ്സിഎച്ച്ആർ വ്യക്തമാക്കുന്നു.
എന്തിനാണ് നാനോയെ പിടിച്ച് കൊണ്ടുപോകുന്നതെന്ന് പോലീസ് കുടുംബത്തോട് പറയാൻ തയ്യാറായില്ല. ഇതേത്തുടന്ന് കുടുംബാംഗങ്ങൾ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ സബ് ഇൻസ്പെക്ടർ ജിതേന്ദ്ര നാനോയെ മോചിപ്പിക്കാൻ കുടുംബത്തോട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി മനുഷ്യാവകാശ സംഘടന പറഞ്ഞു.
എന്നാൽ, സ്റ്റേഷനിൽ തന്നെയുള്ള നാനോയെ ആദ്യം കാണണമെന്ന് കുടുംബം വാശിപിടിച്ചപ്പോൾ പോലീസ് കാണിക്കാൻ തയ്യാറായി. നാനോയെ പോലീസ് ലോക്കപ്പിൽ നിന്ന് പുറത്തുകൊണ്ടുവന്നപ്പോൾ, നടക്കാൻ വയ്യാത്ത അവസ്ഥയിൽ ആയിരുന്നെന്നും, കാൽ നിലത്ത് ഉറപ്പിക്കാൻ പറ്റാത്തതിനാൽ മുടന്തിയാണ് വന്നതെന്നും കുടുംബം വ്യക്തമാക്കി. എത്രയും വേഗം പണം കൊടുത്തെങ്കിലും തന്നെ മോചിപ്പിക്കണമെന്ന് നാനോ കുടുംബത്തോട് കരഞ്ഞുകൊണ്ട് അഭ്യർത്ഥിച്ചു.
പോലീസ് ആവശ്യപ്പെട്ട അഞ്ച് ലക്ഷം രൂപ സംഘടിപ്പിക്കാൻ വൈകുന്നേരം അഞ്ച് മണി വരെ സമയം നൽകണമെന്ന് കുടുംബം സബ് ഇൻസ്പെക്ടർ ജിതേന്ദ്രയോട് അഭ്യർത്ഥിച്ചെങ്കിലും മൂന്ന് മണിക്ക് പണം നൽകണമെന്ന് അദ്ദേഹം നിർബന്ധിച്ചു.
കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇംഫാൽ പോലീസ് സ്റ്റേഷനിൽ നിന്ന് ജിതേന്ദ്ര സിംഗ് ഒപ്പിട്ട അറസ്റ്റ് മെമ്മോ കുടുംബത്തിന് കൈമാറി. എന്നാൽ അറസ്റ്റിന്റെ കാരണമോ അറസ്റ്റിന്റെ സമയവും തീയതിയും മെമ്മോയിൽ പരാമർശിച്ചിട്ടില്ല. മാത്രമല്ല, മെമ്മോയിൽ ഒരു സാക്ഷിയുടെയും ഒപ്പ് ഉണ്ടായിരുന്നില്ല – ബുധനാഴ്ച ദുരിതബാധിതരായ കുടുംബത്തെ സന്ദർശിച്ച് സംഘം വസ്തുതാന്വേഷണം നടത്തിയതായി ഒരു അപേക്ഷയിൽ സിഎസ്സിഎച്ച്ആർ വ്യക്തമാക്കി.
തെളിവ് ശേഖരിക്കാനെന്ന പേരിൽ എസ്ഐ ജിതേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നാനോയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ഈ സമയത്തും നാനോ ശാരീരികമായി ദുർബലവും മാനസിക സമ്മർദ്ദത്തിലുമായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. വീട്ടിൽ ഉള്ള സ്വർണം എടുത്ത് നൽകണമെന്നും പോലീസ് ആവശ്യപ്പെട്ടു. പോലീസ് ഇതിനായി കുംടുംബങ്ങളോട് ഉൾപ്പെടെ കടുത്ത സമ്മർദ്ദം ചെലുത്തി. വീട്ടിലെ ഒരു റൂമിലേക്ക് നാനോയെ കൊണ്ട് പോലീസ് കൊണ്ടുപോയി. ഈ റൂമിൽ മറ്റുള്ളവരെ കയറ്റാൻ പോലീസ് തയ്യാറായില്ല. പിന്നീട് കുഴഞ്ഞുവീണ നിലയിൽ കണ്ട നാനോയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതാണ് കുടുംബം കണ്ടത്.
“പോലീസ് ഉദ്യോഗസ്ഥരുടെ മുമ്പിൽ നാനോ വീടിനുള്ളിൽ കുഴഞ്ഞുവീണു. ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ റിംസ് ആശുപത്രിയിൽ എത്തിച്ചു, അവിടെ മരണം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു, ” സിഎസ്സിഎച്ച്ആർ വ്യക്തമാക്കി. മുറിവേറ്റ പാടുകൾ ഉൾപ്പെടെയുള്ള പീഡനത്തിന്റെ അടയാളങ്ങൾ ഇയാളുടെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് എസ്ഐ ജിതേന്ദ്രയെ മെയ് 2 ന് ഇംഫാൽ വെസ്റ്റ് എസ്പി സസ്പെൻഡ് ചെയ്തു. പിന്നീട് പോലീസ് ഉദ്യോഗസ്ഥനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304/34 വകുപ്പ് പ്രകാരം കേസെടുത്തു.
എന്നാൽ ഒരു സസ്പെൻഷൻ കൊണ്ട് തീരുന്നതല്ല പ്രശ്നങ്ങൾ. കടുത്ത മനുഷ്യവകാശ ലംഘനമാണ് നാനോയും കുടുംബവും നേരിട്ടത്. ഇതിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്. ഐക്യരാഷ്ട്രസഭയുടെ മിനസോട്ട പ്രോട്ടോക്കോൾ അനുസരിച്ച് വേഗത്തിലും സമഗ്രവും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് വെള്ളിയാഴ്ച MHRC ചെയർമാനോട് ഒരു അപേക്ഷയിൽ റൈറ്റ്സ് ഗ്രൂപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഐക്യരാഷ്ടസഭയുടെ ഇടപെടൽ തങ്ങൾക്ക് നീതി നൽകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.