നാദാപുരം: ഭക്ഷ്യവിൽപന സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ വഴിവെക്കുന്ന ചുറ്റുപാടുകൾ. പാചക മുറിയിലും അടുക്കളയിലും ദിവസങ്ങളോളമായി നീക്കം ചെയ്യാത്ത ഭക്ഷ്യ അവശിഷ്ടങ്ങൾ ചാക്കുകളിൽ നിറഞ്ഞു കിടക്കുന്നു. ഇവക്കു സമീപം മാവുകുഴക്കലും പലഹാര നിർമാണവും. പാത്രങ്ങളും പണിയായുധങ്ങളും അണുമുക്തമാക്കാനുള്ള സംവിധാനമില്ല.
ശീതീകരിച്ചു സൂക്ഷിച്ച പാലിന്റെ കാലാവധി ഒരാഴ്ച മുമ്പേ കഴിഞ്ഞിരുന്നു. പലഹാരങ്ങൾ സൂക്ഷിച്ച തട്ടുകൾ ക്ഷുദ്ര ജീവികൾ നിറഞ്ഞതും. നാദാപുരം, കല്ലാച്ചി ടൗണുകൾ കേന്ദ്രീകരിച്ച് ഹെൽത്ത് സ്ക്വാഡ് ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ഗുരുതരമായ കണ്ടെത്തലുകൾ. കല്ലാച്ചിയിലെ കേരള ഹോട്ടൽ, എം.പി ഹോട്ടൽ, നാദാപുരം കഫെ എന്നിവ ആരോഗ്യവിഭാഗം അടച്ചുപൂട്ടി. അടുക്കളക്ക് സമീപം മാലിന്യക്കൂമ്പാരം നിക്ഷേപിച്ച കല്ലാച്ചിയിലെ ദോശ ഡോ എന്ന സ്ഥാപനം മാലിന്യം നീക്കിയശേഷം പ്രവർത്തിപ്പിക്കാൻ അനുമതി നൽകി. പഴകിയതും ഗുണനിലവാരം ഇല്ലാത്തതുമായ ജ്യൂസ് ഉൽപന്നങ്ങളും ഫ്രൂട്ട്കളും കാലാവധി കഴിഞ്ഞ പാക്കറ്റ് പാലുകളും വിൽപന നടത്തിയ കക്കംവള്ളിയിലെ രണ്ട് സ്ഥാപനങ്ങളിൽനിന്ന് ഭക്ഷണസാധനങ്ങൾ നശിപ്പിച്ചു.