മനാമ: കോവിഡ് മഹാമാരിയുടെ ആഘാതത്തിൽനിന്ന് കരകയറിയ ബഹ്റൈനിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും ബഹ്റൈനിലേക്ക് വരുന്നത്. സൗദി ഉൾപ്പെടെ മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നും ബഹ്റൈനിലേക്ക് നിരവധി സന്ദർശകർ എത്തുന്നുണ്ട്.
നാട്ടിലെ സ്കൂൾ മധ്യവേനൽ അവധി, റമദാൻ, പെരുന്നാൾ എന്നിവ കാരണം സമീപ നാളുകളിൽ സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി ട്രാവൽ ഏജൻസികൾ പറയുന്നു. കുടുംബസമേതം ബഹ്റൈനിൽ എത്തുന്നവരും നിരവധിയാണ്. ബഹ്റൈനിൽ ചൂട് ഇനിയും രൂക്ഷമാകാത്ത സാഹചര്യവും നാട്ടിൽ ചൂട് അമിതമായതും സഞ്ചാരികളെ ഇങ്ങോട്ട് വരാൻ പ്രേരിപ്പിക്കുന്നുണ്ട്.
ദിവസവും ശരാശരി 10 സന്ദർശക വിസകൾ എടുത്തുനൽകുന്ന ട്രാവൽ ഏജൻസികളുണ്ട്. ബഹ്റൈനിൽ ഏകദേശം 400ഓളം ട്രാവൽ ഏജൻസികളാണ് പ്രവർത്തിക്കുന്നത്.
വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിലേക്ക് നാട്ടിൽനിന്ന് അതിഥികളെ കൊണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്. നിരവധി പരിപാടികൾ വരുംനാളുകളിൽ ആസൂത്രണം ചെയ്തിട്ടുള്ള സാഹചര്യത്തിൽ ബഹ്റൈനിലേക്കുള്ള കലാകാരൻമാരുടെ വരവിലും വർധനയുണ്ടാകും. കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് സാഹചര്യം തിരിച്ചെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ട്രാവൽ ഏജൻറുമാരും ഹോട്ടൽ നടത്തിപ്പുകാരും.