പൂനെ: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്ത് ലക്നോ സൂപ്പർ ജയ്ന്റ്സിന് മിന്നും ജയം. 75 റണ്‍സിനായിരുന്നു ലക്നോവിന്റെ ജയം. ലക്നൌ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തക്ക് 101 റണ്‍സെടുക്കുമ്പോഴേക്കും മുഴുവന്‍ വിക്കറ്റും നഷ്ടമായിരുന്നു.
മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് കൊല്‍ക്കത്തന്‍ നിരയില്‍ രണ്ടക്കമെങ്കിലും കടക്കാന്‍ കഴിഞ്ഞത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 45 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ്സ്കോററര്‍.
ലക്നോവിനായി അവേഷ് ഖാനും ജയ്സണ്‍ ഹോൾഡറും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ലക്നൌ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്. ക്വിന്റണ്‍ ഡി കൊക്കും ദീപക് ഹൂഡയും ചേര്‍ന്ന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ തുലച്ച ലക്നൌ 19 ആം ഓവറിലാണ് വീണ്ടും കളിയിലേക്ക് മടങ്ങിവന്നത്. ശിവം മാവിയുടെ 19ാം ഓവറില്‍ അഞ്ച് സിക്സറുകളാണ് ലക്നൌ ബാറ്റര്‍മാര്‍ പറത്തിയത്.
ക്രുനാൽ പാണ്ഡ്യ (25), മാർക്കസ് സ്റ്റോയിനിസ് (28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ജയത്തോടെ പോയിന്റ് പട്ടികയിൽ 16 പോയിന്റുമായി ലക്നോ ഒന്നാമത്തെത്തി. എട്ട് പോയിന്റുള്ള കോൽക്കത്ത എട്ടാം സ്ഥാനത്താണ്.