തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ 22 ഹോട്ടലുകൾ പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 12 ഹോട്ടലുകളും ലൈസൻസില്ലാതെ പ്രവർത്തിച്ച 10 ഹോട്ടലുകളുമാണ് പൂട്ടിച്ചത്. ഇതോടെ കേരളത്തിൽ ഇതുവരെ പൂട്ടിയ ഹോട്ടലുകളുടെ എണ്ണം 132 ആയി. 162 കിലോ കേടായ മാംസം പിടിച്ചെടുത്തതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
ചെറുവത്തൂരിൽ നിന്ന് ശേഖരിച്ച ഷവർമ സാമ്പിളിൽ ഷിഗെല്ലയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
466 സ്ഥാപനങ്ങൾക്ക് ഇതിനോടകം നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് 349 കടകളിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിയത്. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 6035 കിലോയിലധികം രാസവസ്തുക്കൾ അടങ്ങിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാൻ തന്നെയാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ തീരുമാനം.
സംസ്ഥാനത്ത് ആറ് ദിവസത്തിനുള്ളില്‍ ആയിരത്തിലധികം സ്ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ ചുറ്റുപാടുകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 110 കടകള്‍ പൂട്ടിച്ചു. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 61 കടകളാണ് കണ്ടെത്തിയത്.