മുംബൈ: ഐപിഎല്ലില്‍ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ ആറു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ രാജസ്ഥാന് മറികടന്നു.
ടീമിലേക്കുള്ള തിരിച്ചുവരവില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ യശസ്വി ജെയ്സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ജയ്സ്വാളിന് പുറമെ ജോസ് ബട്ലര്(30), സഞ്ജു സാംസണ്(23), ദേവ്ദത്ത് പടിക്കല്‍(31) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. ഷിംറോണ്‍ ഹെറ്റ്മയേറുടെ പ്രകടനവും (31) നിര്‍ണായകമായി. ജയിച്ചെങ്കിലും രാജസ്ഥാന് മൂന്നാം സ്ഥാനത്തു തന്നെ തുടരും. എന്നാൽ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി. 11 മത്സരങ്ങളില്‍ 14 പോയിന്റാണ് ടീമിനുള്ളത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ ജോണി ബെയർസ്റ്റോയുടെ (40 പന്തിൽ 56) അർധസെഞ്ചുറി പ്രകടനമാണ് മികച്ച നിലയിലെത്തിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച ജിതേഷ് ശർമയുടെ പ്രകടനവും പഞ്ചാബിന് നേട്ടമായി. 18 പന്തിൽ 38 റണ്‍സുമായി ജിതേഷ് പുറത്താകാതെ നിന്നു.
ഭാനുക രാജപക്സെയും (18 പന്തിൽ 27) ലിയാം ലിവിംഗ്സ്റ്റണും (14 പന്തിൽ 22) ഇന്ന് ഭേദപ്പെട്ട പ്രകടനമാണ് പഞ്ചാബിനായി കാഴ്ചവച്ചത്. മയങ്ക് അഗർവാൾ 15 റണ്‍സും നേടി. രാജസ്ഥാനായി യുസ് വേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റുകൾ പിഴുതു. പ്രസീദ് കൃഷ്ണയും അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.