ഹൈദരാബാദ്: ‘രാജു കളിച്ചുവളർന്ന വീടാണിത്, ഇവിടെ താമസിക്കുമ്പോൾ ഞാൻ രാജുവിനൊപ്പമുണ്ടെന്ന തോന്നലാണുള്ളത്’- ദിവസങ്ങൾക്ക് മുമ്പ് തന്റെ സഹോദരനും കൂട്ടാളികളും തല്ലിക്കൊന്ന ഭർത്താവിന്റെ ഫോട്ടോ ചേർത്തുപിടിച്ച് അഷ്റിൻ സുൽത്താന വിതുമ്പി. ജീവന് തുല്യം സ്നേഹിച്ച പ്രിയതമൻ ഇനി തിരികെവരില്ലെന്നറിഞ്ഞിട്ടും ഇനിയുള്ള കാലം ഭർത്താവിന്റെ വീട്ടിൽ തന്നെ ജീവിക്കാനാണ് ഈ 21-കാരിയുടെ തീരുമാനം. താൻ മരിക്കുന്നത് വരെ ഭർത്താവ് നാഗരാജുവിന്റെ ഓർമകളുമായി അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ കഴിയുമെന്നും അഷ്റിൻ പറയുന്നു.
അഷ്റിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് നാഗരാജു(25) എന്ന ദളിത് യുവാവിനെ അഷ്റിന്റെ സഹോദരനും കൂട്ടാളികളും നടുറോഡിലിട്ട് തല്ലിക്കൊന്നത്. കഴിഞ്ഞ ബുധനാഴ്ച ഹൈദരാബാദിലെ സരൂർനഗറിലായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികൾ ദമ്പതിമാരെ തടഞ്ഞുനിർത്തിയ ശേഷം നാഗരാജുവിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അഷ്റിന്റെ കൺമുന്നിലിട്ടാണ് അക്രമിസംഘം ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
കാർ ഷോറൂമിലെ ജീവനക്കാരനായ നാഗരാജുവും അഷ്റിൻ സുൽത്താനയും സ്കൂൾ പഠനകാലത്താണ് പ്രണയത്തിലാകുന്നത്. മതത്തിന്റെ അതിർവരമ്പുകളൊന്നും ഇവരുടെ പ്രണയത്തിന് തടസമായില്ല. എന്നാൽ നാഗരാജുവുമായുള്ള ബന്ധത്തിന്റെ പേരിൽ തന്റെ കുടുംബത്തിൽനിന്ന് പലതവണ ഭീഷണിയുണ്ടായിരുന്നതായി അഷ്റിൻ പറയുന്നു.