കോഴിക്കോട്: അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനും ക്ഷേമപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായുള്ള ‘അതിഥി’ ആപ്പിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അതിഥി തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കുന്നത്തിനായി നിർമിച്ച കിനാലൂരിലെ അപ്നാ ഘർ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൊഴിൽ വകുപ്പ് മുഖേന അതിഥി തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഈ പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തിൽപരം തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താനും സർക്കാരിന് കഴിഞ്ഞു. ‘ആവാസ്’ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് സൗജന്യ ചികിത്സ ഒരുക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
നിർമാണ തൊഴിലാളി ക്ഷേമ ബോർഡിന് കീഴിൽ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയും അതിഥി തൊഴിലാളികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിനകത്ത് മരണമടയുന്ന അതിഥി തൊഴിലാളിയുടെ നോമിനിക്ക് ഇരുപത്തിയയ്യായിരം രൂപയും തൊഴിലിടങ്ങളിൽ വെച്ചുണ്ടാകുന്ന മരണത്തിന് രണ്ടു ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ നൽക്കുന്നുണ്ട്. തൊഴിലാളികൾക്ക് പ്രസവാനുകൂല്യം തൊഴിലാളികളുടെ മക്കൾക്ക് പഠനാനുകൂല്യം തുടങ്ങി നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നു. സംസ്ഥാനത്ത് വെച്ച് മരണപ്പെട്ടാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് റിവോൾവിങ് ഫണ്ടായി പരമാവധി അമ്പതിനായിരം രൂപ കുടിയേറ്റ തൊഴിലാളി പദ്ധതി പ്രകാരം അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച അപ്നാ ഘർ പദ്ധതിയുടെ ഭാഗമായുള്ള ഹോസ്റ്റലിന്റെ ഒന്നാം ഘട്ട പ്രവൃത്തിയാണ് പൂർത്തിയായത്. സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനുകീഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരളയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 100 തൊഴിലാളികൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാംഘട്ട പ്രവർത്തി പൂർത്തിയാകുന്നതോടെ 520 പേർക്ക് ഇവിടെ താമസിക്കാൻ സാധിക്കും. 7.76 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ചത്.
കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.പി രാമകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം റംല വെട്ടത്ത്, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ബി.എഫ്.കെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജി.എൽ. മുരളീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഭവനം ഫൗണ്ടേഷൻ ജനറൽ മാനേജർ ആനന്ദ് സ്കോട്ലിൻ നന്ദി പറഞ്ഞു.