മുംബൈ: ഇന്ത്യന്‍ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യന്‍സിന് അഞ്ച് റൺസ് വിജയം. 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനു 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഡാനിയല്‍ സാംസ് എറിഞ്ഞ അവസാന ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രമായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ വെറും 3 റണ്‍സ് മാത്രമാണ് സാംസ് വഴങ്ങിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിനായി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍52(36) വൃദ്ധിമാന്‍ സാഹ 55(40) എന്നിവര്‍ ഗംഭീര തുടക്കമാണ് നല്‍കിയത്. 12.1 ഓവറില്‍ ഈ കൂട്ടുകട്ട് പിരിയുമ്പോള്‍ സ്കോര്‍ 106 റണ്‍സ് എത്തിയിരുന്നു. എന്നാല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതും റണ്‍ നിരക്ക് ഉയരാതിരുന്നതും ഗുജറാത്തിന്റെ ജയത്തിന് തടയിട്ടു. ഹാര്‍ദിക് പാണ്ഡ്യ 24(14) റണ്ണൗട്ടായതും ഗുജറാത്തിന് തിരിച്ചടിയായി.
14 റൺസെടുത്ത സായ് സുദർശൻ ഹിറ്റ് വിക്കറ്റായി പുറത്തായി. അവസാന ഓവറുകളിൽ വമ്പനടികളുമായി തിളങ്ങുന്ന രാഹുൽ തെവാത്തിയ മൂന്നു റൺസ് മാത്രമെടുത്തു മടങ്ങിയതു ഗുജറാത്തിനു തിരിച്ചടിയായി. ഡേവിഡ് മില്ലർ 13 പന്തിൽ 19 റൺസെടുത്തു പുറത്താകാതെനിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. ഓപ്പണര്‍മാരായ നായകന് രോഹിത് ശര്‍മ 43(28) ഇഷാന് കിഷന് 45(29) എന്നിവര്‍ മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്.21 പന്തില്‍ 4 സിക്സറുകളുള്‍പ്പെടെ 44 റണ്‍സ് നേടി പുറത്താകാതെ നിന്ന ടിം ഡേവിഡും മുന്‍ ചാമ്പ്യന്മാര്ക്ക് വേണ്ടി തിളങ്ങി. തിലക് വര്‍മ 21(16), സൂര്യകുമാര്‍ യാദവ് 13(11) കൈറണ്‍ പൊള്ളാര്‍ഡ് 1(14) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്കോര്‍.
ഗുജറാത്തിനായി റാഷിദ് ഖാൻ രണ്ടു വിക്കറ്റുകളും അൽസരി ജോസഫ്, ലോക്കി ഫെർഗൂസൻ, പ്രദീപ് സങ്വാൻ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.