കോഴിക്കോട്: ഇസ്ലാമിക തീവ്രവാദത്തെ കേരളം വളര്‍ത്തിയെന്ന രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഒരു സമുദായത്തിന് പിണറായി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നെന്ന് ജെ പി നദ്ദ ആരോപിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയും നദ്ദ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. കൂടുതല്‍ കൊലപാതകം മുഖ്യമന്ത്രിയുടെ നാട്ടിലാണെന്നും നദ്ദ ചൂണ്ടിക്കാട്ടി.
പിണറായിയുടെ ജില്ലയിൽ 15 കൊലപാതകങ്ങൾ നടന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ആരോപിച്ചു. 3 വർഷങ്ങൾക്കിടെ കേരളത്തിൽ 1019 കൊലപാതകങ്ങൾ നടന്നു. 2020ൽ 308ഉം, 2021 ൽ 336ഉം, 2022ൽ 70ഉം അടക്കം എല്ലാം രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും ശ്രീനിവാസന്റെയും സഞ്ജിത്തിന്റേയും കൊലപാതകങ്ങൾ സ്റ്റേറ്റ് സ്പോൺസേഡ് ആണെന്നും നദ്ദ കുറ്റപ്പെടുത്തി. കേരളം ഇങ്ങനെ അധികകാലം മുന്നോട്ടുപോകില്ല എന്നും ജെ.പി.നദ്ദ കോഴിക്കോട് പറഞ്ഞു
താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തി. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് ക്രൈസ്തവ സമുദായത്തെ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടെന്ന് ബിഷപ്പ് പിന്നീട് അറിയിച്ചു. കസ്തൂരിരംഗൻ വിജ്ഞാപനത്തിലെ ആശങ്കകളും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു. കേന്ദ്രമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ബിജെപി ദേശീയ നേതാക്കളുടെ സംസ്ഥാനതല സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് ജെപി നദ്ദ കേരളത്തിലെത്തിയത്. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ച്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.