പാലക്കാട്: പാലക്കാട് ആർ.എസ്.എസ് നേതാവ് സഞ്ജിത് വധക്കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ സർക്കാർ എൽപി സ്കൂൾ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്റുമായ ബാവയാണ് അറസ്റ്റിലായത്.
സഞ്ജിതിനെ കൊല്ലാൻ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണ്. കൊലപാതക ശേഷം ഒളിവിൽ പോയ ഇയാളെ തൃശൂർ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പിടികൂടിയത്. കേസിൽ ഇനിയും പ്രതികൾ ഒളിവിലുണ്ട്. എട്ട് പേർ ഇനി പിടിയിലാകാനുണ്ട്.
നവംബർ 15ാം തീയതി കാറിലെത്തിയ സംഘമാണ് സഞ്ജിത്തിനെ വെട്ടിക്കൊന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. ആർ.എസ്.എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്നു സഞ്ജിത്ത്.
അതിനിടെ, പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹക് കൊട്ടേക്കാട് എസ് സുചിത്രൻ (32), ജില്ലാ കാര്യകാര്യ ദർശി പള്ളത്തേരി ജി. ഗിരീഷ് (41), മണ്ഡല കാര്യവാഹക് പി. കെ ചള്ള ആർ. ജിനീഷ് എന്ന കണ്ണൻ (24) എന്നിവരാണ് അറസ്റ്റിലായത്.