കൊച്ചി: എറണാകുളം- ജില്ലയിലെ ഇലക്ഷന് ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം – കോഴിക്കോട് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍മാരെ പരസ്പരം മാറ്റുകയായിരുന്നു.
2011-ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷന് ഡെപ്യൂട്ടി കളക്ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നത്. ഭരണാനുകൂല സര്‍വീസ് സംഘടന നേതാവായ ഇവര്‍ക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് യു.ഡി.എഫിന് വേണ്ടി നല്കിയ പരാതിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
തൃക്കാക്കരയിൽ യുഡിഎഫ് ഉമാ തോമസിനേയും എൽഡിഎഫ് ഡോ ജോ ജോസഫിനേയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി എ.എൻ.രാധാകൃഷ്ണനെയാണ് ഇവിടെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. ആം ആദ്മി, ട്വൻ്റി ട്വൻ്റി എന്നിവർ സംയുക്ത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ്.
തൃക്കാക്കരയിൽ മെയ് പതിനൊന്ന് വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. മെയ് 31-നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണൽ നടക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കണം എന്നാണ് നിർദേശം.
തൃക്കാക്കരയിൽ വിജയിക്കുന്നതോടെ എൽ.ഡി.എഫ് സിക്സറടിച്ച് സെഞ്ച്വറി തികയ്ക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലും അവതരിപ്പിക്കാൻ പറ്റുന്ന സ്ഥാനാർത്ഥിയാണ് ജോ ജോസഫ്. യു.ഡി.എഫ് വികസന വിരുദ്ധ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയം പറയാൻ കഴിയാത്തതിനാൽ യു.ഡി.എഫ് നിലവാര തകർച്ചയിലേക്ക് പോവുകയാണ്. വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ കണ്ടതുപോലുള്ള റിസൾട്ട് തൃക്കാക്കരയിലും ആവർത്തിക്കും. ജീവിതത്തിൽ ഇന്നുവരെ എൽഡിഎഫിന് വോട്ട് ചെയ്യാത്തവർപോലും തൃക്കാക്കരയിൽ ജോ ജോസഫിന് വോട്ടുചെയ്യുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.