സമ്പന്നരായ ആളുകൾ മാത്രമുള്ള ഒരു ഗ്രാമം ചൈനയിലുണ്ട്.ചൈനയിലെ ഹുവാക്സി വില്ലേജാണ് സമ്പന്നമായ ആ ഗ്രാമം. ഇവിടെ എല്ലാവർക്കും ആഡംബര കാറും വീടും സ്വന്തമായുണ്ട്. 1961 ഹുവാക്സി സ്ഥാപിച്ചതോടെയാണ് ഈ ഗ്രാമം സമ്പന്നമായി തുടങ്ങിയത്. അവിടുത്തെ എല്ലാ ബിസിനസിൽ നിന്നുമുള്ള ലാഭത്തിന് ഗ്രാമവാസികൾക്കും പങ്കുണ്ട്.
ആകെ രണ്ടായിരത്തോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് ദിവസവും 20,300 പേർ ഹുവാക്സി ഗ്രാമത്തിലോട്ട് യാത്ര ചെയ്യുന്നുണ്ട്. പക്ഷെ എത്ര സമ്പന്നരായിട്ടും പണം ചെലവഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇവിടുത്തുകാർക്ക്. ധൂർത്തടിക്കാനോ ആഘോഷിക്കാനോ ഈ ഗ്രാമത്തിൽ അനുവാദമില്ല. ഇവിടെ ചൂതാട്ടവും മയക്കുമരുന്നും നിരോധിച്ചിരിക്കുകയാണ്.ഒരു ഇന്റർനെറ്റ് കഫെ പോലും ഇവിടെ ഇല്ല. വില്ലേജിലെ തന്നെ തിയേറ്റർ കമ്പനി സംഘടിപ്പിക്കുന്ന മീറ്റിങ്ങുകളും പ്രകടനങ്ങളും മാത്രമാണ് ഇവിടുത്തുകാരുടെ ആഘോഷങ്ങൾ.
ഹുവാക്സി ഗ്രാമം വിട്ടുപോകുന്നവർക്ക് അവിടുത്തെ സ്വത്തുക്കളൊന്നും കൈവശം വെക്കാൻ അവകാശമില്ല. എല്ലാം ആ ഗ്രാമത്തിൽ ഉപേക്ഷിച്ച് വേണം നാടുവിടാൻ. ഇന്ന് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമ കൂടെയാണ് ടൂറിസം. പ്രതിവർഷം രണ്ട് ദശലക്ഷം സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്കുകൾ. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കൗതുകങ്ങളും ഈ ഗ്രാമത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമത്തിന്റെ നടുക്കായി സ്ഥിതി ചെയ്യുന്ന 74 നില കെട്ടിടം. ഇതിന് ഐഫിൽ ടവറിനെക്കാളും ഉയരമുണ്ടെന്നാണ് അവകാശപ്പെടുന്നത്.