പൊള്ളിയുരുകുകയാണ് ഇന്ത്യ. കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂടിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഈ ചൂടിൽ ഏറ്റവും കൂടുതൽ ഉരുകിയൊലിക്കുന്നത് ഇന്ത്യയിലെ സാധാരണ മനുഷ്യരാണ്. കെട്ടിട നിർമാണം പോലുള്ള പുറം ജോലികൾ ചെയ്യുന്ന ഈ മനുഷ്യരുടെ അവസ്ഥ ഏറെ കഷ്ടമാണ്. ഈ മനുഷ്യർക്കൊപ്പം തളരുന്നത് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥകൂടിയാണ്.
തെരുവോരങ്ങളിലെ കച്ചവടക്കാർക്ക് ഈ ചൂട് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമെല്ലാം റിപോർട്ടുകൾ വരുന്നത്. ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ ഇവരുടെയെല്ലാം കച്ചവടത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്. പച്ചക്കറി വിൽക്കുന്നവരുടെ പച്ചക്കറികളെല്ലാം ഈ ചൂടിൽ കരിഞ്ഞു പോവുന്നതിനാൽ അവർക്ക് വലിയ നഷ്ടം ഉണ്ടാകുന്നുണ്ട്. പലപ്പോഴും കൊണ്ടുവന്ന പച്ചക്കറികൾ വില്പന നടത്താനാകാതെ കളയേണ്ടി വരുന്നു.
സമാനമാണ് മൽസ്യവില്പന നടത്തുന്നവരുടെ കാര്യവും. ചൂടിൽ മത്സ്യം പെട്ടെന്ന് കേടായി പോകുന്നതിനാൽ ഇവർക്ക് ഏറെ നഷ്ടം ഉണ്ടാകുന്നുണ്ട്. മാത്രമല്ല, കിട്ടുന്ന പണത്തിൽ നിന്ന് മത്സ്യം കേടുവരാതെ സൂക്ഷിക്കാൻ കൂടുതൽ ഐസ് വാങ്ങാൻ വേണ്ടിയും ചെലവഴിക്കേണ്ടി വരുന്നു.
“ഞാൻ സമ്പാദിക്കുന്നതിന്റെ ഭൂരിഭാഗവും ഈ മത്സ്യങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഐസിനായി ചെലവഴിക്കുന്നു,” മുംബൈയിൽ മത്സ്യവില്പന നടത്തുന്ന പ്രമീള ബിബിസിയുടെ പറയുന്നു. “പതിറ്റാണ്ടുകളായി മത്സ്യം വിൽക്കുന്ന എനിക്ക് ഇത്രയധികം കേടായ മത്സ്യം ഒരുകാലത്തും ഉണ്ടായിട്ടില്ല. ഇപ്പോൾ എനിക്ക് ചിലപ്പോൾ പ്രതിദിനം 2,000 രൂപ വിലയുള്ള മത്സ്യങ്ങൾ കേടുവന്ന് നഷ്ടപ്പെടുന്നു.” അവർ വ്യക്തമാക്കുന്നു.
പ്രമീള
പ്രമീള ഒരു പ്രതീകമാണ്. രാജ്യത്തെ വിശാലമായ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ ഈ കൊടും ചൂട് എങ്ങിനെ ബാധിക്കുന്നെന്ന് അവരുടെ വാക്കുകൾ വ്യക്തമാക്കുന്നു. അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന കോടിക്കണക്കിന് മനുഷ്യരും സൂര്യന് താഴെ നേരിട്ട് വെയിൽ ഏൽക്കുന്നവരാണ്. ചെറിയ വസ്തുക്കൾ കച്ചവടം ചെയ്തും കായികാധ്വാനം ആവശ്യമുള്ള ജോലികൾ ചെയ്തും ജീവിക്കുന്ന ഇവരുടെ ജീവിതമിപ്പോൾ പൊള്ളുകയാണ്.
ഈ ചൂട് കേവലം പൊതുജനാരോഗ്യത്തിന്റെയും സുരക്ഷയുടെയും പ്രശ്‌നമല്ല, മറിച്ച് ഇത്തരം തൊഴിലാളികളെ വളരെയധികം ആശ്രയിക്കുന്ന ഒരു രാജ്യത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രശ്‌നം കൂടിയാണ്. ചൂട് കാരണം ഇന്ത്യക്ക് ഇതിനകം തന്നെ പ്രതിവർഷം 101 ബില്യൺ ഡോളർ നഷ്ടപ്പെടുന്നു എന്നാണ് നേച്ചർ കമ്മ്യൂണിക്കേഷൻസിന്റെ റിപ്പോർട്ട് കണ്ടെത്തിയത്. ഇത് ചൂട് കാരണമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടമാണ്.
2020-ലെ മക്കിൻസി റിപ്പോർട്ട് അനുസരിച്ച്, വർദ്ധിച്ചുവരുന്ന ചൂടും ഈർപ്പവും മൂലം നഷ്ടപ്പെടുന്ന തൊഴിൽ സമയം 2030-ഓടെ ജിഡിപിയുടെ ഏകദേശം 2.5-4.5% വരെ ഇല്ലാതാക്കും. അതായത് 250 ബില്യൺ ഡോളർ വരെയുള്ള വരുമാനം ഈ കാലാവസ്ഥ അപകടത്തിലാക്കും. ഒരു ദശാബ്ദത്തിന് മുമ്പുള്ളതിനെ അപേക്ഷിച്ച് 2030 ആകുമ്പോഴേക്കും പകൽ
ജോലി സമയങ്ങളുടെ എണ്ണം ഏകദേശം 15% വർദ്ധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. അതായത് ചൂടുകൂടുന്ന, സുരക്ഷിതമല്ലാത്ത, ഈ സമയത്ത് പുറംജോലി ചെയ്യുന്നവർ വർധിക്കും. ഇത് രാജ്യത്തെ കൂടുതൽ നഷ്ടത്തിലേക്ക് നയിക്കും.
ഈ വർഷം ഇന്ത്യയെ ബാധിച്ച ഉഷ്ണതരംഗം പ്രത്യേകിച്ച് കഠിനമാണ്, എന്നാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് വിദഗ്ധർ പറയുന്നു – താപനില ഉയരുന്നതിനനുസരിച്ച് ഭാവിയിൽ കൂടുതൽ സാധാരണമായേക്കാവുന്ന തരത്തിലുള്ള സംഭവങ്ങളുടെ തുടക്കമാണിതെന്ന് അവർ പറയുന്നു. ചൂട് കാരണം വെള്ളം അതിവേഗം ചൂടാകുന്നുണ്ട്. ഇത് പതിവായി മാറുന്നതിനാൽ, ഏറ്റവും ചൂടേറിയ സമയങ്ങളിൽ നിർമ്മാണവും കൃഷിയും പോലുള്ള ജോലികൾ അപകടകരമാകുമെന്ന് വിദഗ്ധർ പറയുന്നു.
“ഉയരുന്ന താപനിലയും നീണ്ട വേനലുമായി പൊരുത്തപ്പെടാൻ മത്സ്യത്തൊഴിലാളി സമൂഹത്തെ സഹായിക്കുന്നതിന് സർക്കാർ ഉപകരണങ്ങളും ഐസും നൽകേണ്ടതുണ്ട്.” പ്രമീള ഉന്നയിച്ച ഈ ആവശ്യം മുഴുവൻ അസംഘടിത, സംഘടിത തൊഴിലാളികളുടെയും ആവശ്യമാണ്. ഈ ചൂട് വരുത്തിവെച്ചതിൽ സർക്കാരിന് വ്യക്തമായ പങ്കുള്ളതിനാൽ അവരുടെ ആവശ്യത്തിൽ നിന്ന് സർക്കാരുകൾക്ക് ഒഴിഞ്ഞ് മാറാനാകില്ല. പ്രത്യേകിച്ച് ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ വലിയൊരു പങ്ക് ഈ കോടികണക്കിന് മനുഷ്യർ വഹിക്കുന്നതിനാൽ.
നഗരങ്ങളിലെയും ഗ്രാമമങ്ങളിലെയും മോശം അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയതായി വിദഗ്ധർ പറയുന്നു. സൗജന്യവും ശുദ്ധവുമായ കുടിവെള്ളം എല്ലായിടത്തും പരിമിതമാണ്. പ്രത്യേകിച്ച് നഗരങ്ങളിൽ. ചൂടിൽ നിന്ന് രക്ഷപ്പെടാൻ തൽക്കാലം പോലും മതിയായ ഷെൽട്ടറുകൾ രാജ്യത്ത് ഇല്ല. തെരുവോരങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് വിശ്രമിക്കാൻ യാതൊരു ഇടവുമില്ല. ഇത്തരം ഇടങ്ങളും കുടിവെള്ളവും അടിയന്തിരമായി ഒരുക്കേണ്ടതുണ്ട്.
100 വർഷത്തെ ചൂടിന്റെ റെക്കോർഡ് ബ്രേക്കിംഗ് ആഴ്ചകൾക്ക് ശേഷം, രാജ്യത്തിന്റെ കാലാവസ്ഥാ വകുപ്പ് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ താപനില അൽപ്പം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ആഴ്ച പരമാവധി താപനില 3-4C വരെ കുറയുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇത് ഹ്രസ്വകാലമായിരിക്കുമെന്ന് വിദഗ്ദർ പറയുന്നു. അതിനുശേഷം ഏതാനും ദിവസങ്ങൾക്ക് ശേഷം പരമാവധി താപനില 2-3C വരെ ഉയരും.