കൽപ്പറ്റ: വയനാട്ടിലേക്ക് എത്തുന്ന താമരശ്ശേരി ചുരത്തിൽ അമിതഭാരം കയറ്റിയുള്ള ലോറികളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി വയനാട് കളക്ടർ എ. ഗീത. കഴിഞ്ഞ മാസം ചുരത്തിൽ കല്ല് വീണ് ബൈക്ക് യാത്രികൻ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ചുരം സുരക്ഷിതമല്ലെന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് കളക്ടറുടെ അഭിപ്രായപ്രകടനം. നിഷ്കർഷിച്ചതിലും അമിതമായി ഭാരം കയറ്റിയുള്ള ലോറികളുടെ ഇടതടവില്ലാത്ത സഞ്ചാരത്തിന് നിയന്ത്രണം ആവശ്യമാണ്. ഏതുരീതിയിൽ നിയന്ത്രണം ഏർപ്പെടുത്താമെന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല അധികൃതരുമായി ആലോചിക്കുമെന്നും കലക്ടർ പറഞ്ഞു. വയനാട് ചുരം എന്നാണ് പൊതുവിൽ പറയുന്നതെങ്കിലും അത് വയനാട് കലക്ടറുടെ അധികാരപരിധിയിലല്ല. ചുരം റോഡ് നിലവിൽ കോഴിക്കോട് ജില്ലയുടെ ഭാഗമാണ്. നിർണായക ഘട്ടങ്ങളിൽ നമുക്ക് തീരുമാനങ്ങളെടുക്കുന്നതിന് അതുകൊണ്ടുതന്നെ പരിമിതിയുണ്ട്-കളക്ടർ പറഞ്ഞു.
പൊലീസിന്റെ ഇടപെടൽ അടക്കം കോഴിക്കോട് ജില്ലയിൽ നിന്നാണുണ്ടാവേണ്ടത്. കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന പക്ഷം ഞങ്ങൾ അങ്ങോട്ട് അറിയിക്കുകയാണ് ചെയ്യുന്നത്. നമുക്ക് ഇടപെടാൻ പറ്റാത്ത ഒരു അവസ്ഥയുണ്ട്. ഭീമൻ വാഹനങ്ങളുടെ അനിയന്ത്രിത സഞ്ചാരം നിയന്ത്രിക്കണമെന്ന അഭിപ്രായം തന്നെയാണ് തനിക്കുള്ളതെന്നും കലക്ടർ പറഞ്ഞു.