തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് ചിത്രവും ഏറെക്കുറെ വ്യക്തമാവുകയാണ്. ഇതിന് പിന്നാലെ വാക്ക് പോരുമായി ഇരു കൂട്ടരും നിറയുകയാണ്. യുഡിഎഫ് സ്ഥാനാർഥിയുടെ രാഷ്ട്രീയ പാരമ്പര്യം ഇതുവരെ തിരക്കിയ എൽഡിഎഫുകാർ അവരുടെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ മൗനം പാലിക്കുന്നു എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ.
ടി. സിദ്ദിഖ്, റോജി എം. ജോൺ അടക്കമുള്ള നേതാക്കൾ പരിഹാസവുമായി രംഗത്തെത്തി. ‘സചിനും ധോണിയും കൊഹ്ലിയുമൊന്നും ഇറങ്ങാൻ ധൈര്യം കാണിക്കാത്തതിനാൽ വാലറ്റത്തെ പത്താം നമ്പർ ബാറ്ററിൽ നിന്ന് സെഞ്ച്വറി പ്രതീക്ഷിക്കുന്ന എൽ ഡി എഫിനു അഭിവാദ്യങ്ങൾ..ഉറപ്പാണ് പേമെന്റ് സീറ്റ്… ഉറപ്പാണ് തോൽവി… അപ്പൊ ചാമ്പിക്കൊ ചുവരെഴുത്ത്..’ സിദ്ദിഖ് കുറിച്ചു.
ഹൃദയാരോഗ്യ രംഗത്തെ പ്രമുഖനാണ് ജോ ജോസഫെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. ഇങ്ങനെയൊരു സ്ഥാനാർഥി തൃക്കാക്കരയിലെ ജനങ്ങൾക്കു മഹാഭാഗ്യമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. സിപിഎം ചിഹ്നത്തിലായിരിക്കും ജോ ജോസഫ് ജനവിധി തേടുക.
സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതി എൽഡിഎഫിലില്ലെന്നും ജയരാജൻ പറഞ്ഞു. എല്ലാ പാർട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. മുന്നണിയിൽ ചർച്ച ചെയ്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് യഥാവസരം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. ഇടതുമുന്നണി തൃക്കാക്കരയിൽ വിജയിക്കും. ഇടതുമുന്നണി അജയ്യ ശക്തിയാണെന്നു തെളിയിക്കുന്നതാകും ഉപതിരഞ്ഞെടുപ്പ്. വികസന വിരോധികളുടെ മുന്നണിയാണു യുഡിഎഫ്. തൃക്കാക്കരയിലെ ജനങ്ങളെ വികസന പദ്ധതികളുമായി സമീപിക്കുകയാണ്. കൊച്ചിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഇതിനുള്ള പദ്ധതികളെല്ലാം എൽഡിഎഫ് തയാറാക്കുന്നുണ്ട്.