തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ ഫയലുകളും തീർപ്പാക്കുന്നുവെന്ന് ഉറപ്പാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
: തദ്ദേശസ്വയംഭരണ വകുപ്പിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജനുവരി 31വരെയുള്ള എല്ലാ ഫയലുകളും തീർപ്പാക്കുമെന്ന് ഉറപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. ജനുവരി 31നുള്ളിലെ ഏതെങ്കിലും ഫയലുകൾ പരിഗണിക്കുന്നതിൽ നിന്ന് ഒഴിവായിട്ടില്ലെന്ന് സെക്രട്ടറിമാർ കർശനമായി ഉറപ്പുവരുത്തണം. തദ്ദേശ ഭരണ സ്ഥാപന തലത്തിൽ മെയ് 10 വരെയും ജില്ലാതലത്തിൽ മെയ് 20 വരെയും സംസ്ഥാന തലത്തിൽ മെയ് 30 വരെയുമാണ് ഫയൽ അദാലത്തിനുള്ള സമയപരിധി.
ഫയലുകൾ തീർപ്പാക്കുന്നതിന് ഏപ്രിൽ 18 മുതൽ 30 വരെ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആദ്യഘട്ടം തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന പല അദാലത്തുകളിലും അദാലത്ത് സമിതി മുമ്പാകെ പരിഗണിക്കേണ്ട എല്ലാ ഫയലുകളും ലഭ്യമാക്കാൻ സാധിച്ചിട്ടില്ലെന്നും അതിനാൽ ജനുവരി 31വരെയുള്ള എല്ലാ ഫയലുകളും പരിഗണിക്കുന്നതിനായി അവസരം നൽകണമെന്നുമുള്ള അഭ്യർത്ഥനകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനുവരി 31 വരെയുള്ള എല്ലാ ഫയലുകളും പരിഗണിക്കുന്നതിന് സാധിക്കുന്ന വിധത്തിൽ ആവശ്യമുള്ള എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും അദാലത്ത് വീണ്ടും നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.