തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഡോ. ജോ ജോസഫ് എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ട്രോൾ പേജുകളിൽ നിറയുകയാണ് മുൻമന്ത്രി ടി.പി രാമകൃഷ്ണൻ.വിജയാശംസ നേർന്ന് അദ്ദേഹം പങ്കിട്ട പോസ്റ്റിൽ സ്ഥാനാർഥിയുടെ ചിത്രം മാറിപ്പോയതാണ് കാരണം. മുൻപ് ട്വന്റി–ട്വന്റിക്ക് വേണ്ടി മൽസരിച്ച ഡോക്ടർ ജോ ജോസഫിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. ഉടൻ തന്നെ തിരുത്തിയെങ്കിലും സ്ക്രീൻഷോട്ടുകൾ വൈറലാണ്. ആർക്കാണ് സീറ്റെന്ന് സ്വന്തം നേതാക്കൾക്ക് പോലും അറിയാത്ത അവസ്ഥയാണെന്ന് കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ പരിഹസിക്കുന്നു.
ഏറെ ചർച്ചകൾക്കു ശേഷം തൃക്കാക്കരയിൽ സ്ഥാനാർഥിയായി ഡോ. ജോ ജോസഫിനെ എൽഡിഎഫ് പ്രഖ്യാപിച്ചു. മുത്തുപോലൊരു സ്ഥാനാർഥി എന്നാണ് ഇ.പി. ജയരാജൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന് പാർട്ടിയുമായും ജനങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നും അല്ലെങ്കിൽ തന്നെ ബന്ധം നോക്കിയല്ല പാർട്ടി സ്ഥാനാർഥിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുത്ത് പോലെ ഒരാളെ കിട്ടിയാൽ മറ്റ് ആലോചനകൾ വേണ്ടെന്നും ഇപി വ്യക്തമാക്കി.
ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ഡോ.ജോ ജോസഫ്. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ് ഇദ്ദേഹമെന്ന് ഇപി പറഞ്ഞു. വാഴക്കാലയിലാണു താമസം. ഡോക്ടറായ ജോ ജോസഫ് നാട്ടുകാർക്ക് സുപരിചിതനാണെന്നും തൃക്കാക്കരക്കാരുടെ മഹാ ഭാഗ്യമാണ് ഈ സ്ഥാനാർഥിയെന്നും ഇ.പി. ജയരാജൻ പറഞ്ഞു. തൃക്കാക്കരയിൽ എൽഡിഎഫ് വൻ വിജയം നേടും. യുഡിഎഫ് ദുർബലപ്പെട്ടു. വികസന വിരോധികളായി അധഃപതിച്ചു. ലോകോത്തര നഗരമായി െകാച്ചിയെ മാറ്റണമെന്നും ഇപി പറഞ്ഞു.