ബംഗളൂരു: ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് കിരീടം ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിക്ക്. 20 സ്വര്‍ണമടക്കം 32 മെഡലുകള്‍ നേടിയാണ് ആതിഥേയരായ ജെയിന് യൂണിവേഴ്സിറ്റി കിരീടം സ്വന്തമാക്കിയത്. 20 സ്വര്‍ണം, 7 വെള്ളി, 5 വെങ്കല മെഡലുകള്‍ ജെയിന് നേടി. 17 സ്വര്‍ണവും, 15 വെള്ളിയും, 19 വെങ്കലവുമായി ലൗലി പ്രഫഷണല്‍ യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനവും, 15 സ്വര്‍ണവും, 9 വെള്ളിയും, 27 വെങ്കലവുമായി പഞ്ചാബ് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും സ്വന്തമാക്കി.
97 റെക്കോര്‍ഡുകളാണ് ഗെയിംസില്‍ തിരുത്തപ്പെട്ടത്. ഭാരോദ്വഹനത്തില്‍ 42 ഉം, പൂളില്‍ 28 ഉം, അത്ലറ്റിക്സില് 23 ഉം റെക്കോര്‍ഡുകളാണ് കൂട്ടിച്ചേര്‍ത്തത്. 9 സ്വര്‍ണവും 2 വെള്ളിയും നേടിയ ജെയിനിന്റെ നീന്തല്‍ താരം ശിവ ശ്രീധര്‍ ഗെയിംസിലെ റണ്ണവേ അത്ലെറ്റായി. മറ്റൊരു നീന്തല്‍ താരമായ ഒളിമ്പ്യന്‍ ശ്രീഹരി നടരാജ് മൂന്ന് സ്വര്‍ണം നേടി. ജെയിനിന്റെ തന്നെ വനിത നീന്തല്‍ താരം ശ്രുതി ബന്ദേക്കര്‍ നാല് സ്വര്‍ണവും, ഒരു വെള്ളിയും നേടി വ്യക്തിഗത ചാമ്പ്യനായി.
ബംഗലൂരു ശ്രീകണ്ഠീരവ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഗെയിംസിന്റെ സമാപനച്ചടങ്ങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സ്പോര്‍ട്സ് മന്ത്രി അനുരാഗ് ഠാക്കുര്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഉന്നത വിദ്യാഭ്യാസ മന്ത്രി സി.എന്‍. അശ്വത് നാരായന് തുടങ്ങിയവര്‍ പങ്കെടുത്തു.