പുണെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്ത്. 13 റണ്‍സിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. ബാംഗ്ലൂർ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ ഇന്നിങ്സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 160 റൺസിൽ അവസാനിച്ചു.
ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ നാലാമതായി. ചെന്നൈ ഒൻപതാം സ്ഥാനത്താണ്. ഏഴാം തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു.
ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷം മധ്യനിര ക്ലിക്കാകാതെ പോയതാണ് ചെന്നൈക്ക് തിരിച്ചടിയായത്. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദും – ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് 40 പന്തില്‍ 54 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 23 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ഋതുരാജിനെ ഷഹബാസ് അഹമ്മദ് പുറത്താക്കുകയായിരുന്നു. തുടര്‍ന്നെത്തിയ റോബിന് ഉത്തപ്പയേയും (1), അമ്പാട്ടി റായുഡുവിനെയും (10) മടക്കി മാക്സ്വെല്ലാണ് ചെന്നൈയെ പ്രതിരോധത്തിലാക്കിയത്. പിന്നാലെ 15-ാം ഓവറില്‍ കോണ്‍വെയെ മടക്കി ഹസരംഗ മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയും (3) കാര്യമായ സംഭാവനകളില്ലാതെ പുറത്തായതോടെ ചെന്നൈ തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ 27 പന്തില്‍ നിന്നും 34 റണ്‍സെടുത്ത മോയിന്‍ അലി ശ്രമിച്ച് നോക്കിയെങ്കിലും 18-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ ആ പോരാട്ടവും അവസാനിപ്പിച്ചു. ധോനി (2), പ്രെറ്റോറിയസ് (13) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ബാംഗ്ലൂരിനായി ഹര്‍ഷല്‍ മൂന്നും മാക്സ്വെല് രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തിരുന്നു. മഹിപാൽ ലോംറോർ (27 പന്തിൽ 42), ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് (22 പന്തിൽ 38), ദിനേഷ് കാർത്തിക് (17 പന്തിൽ 24*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ബാംഗ്ലൂർ ഭേദപ്പെട്ട സ്കോറിലെത്തിയത്. ഓപ്പണറായി ഇറങ്ങിയ കോലി 33 പന്തിൽ 30 റൺസെടുത്തു. ഒരു സിക്സറും മൂന്നു ഫോറും സഹിതമാണ് കോലിയുടെ ഇന്നിങ്സ്..
ചെന്നൈക്കായി തീക്ഷണ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.