ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ വൃധിമാൻ സാഹയ്ക്ക് ഭീഷണി സന്ദേശങ്ങൾ അയച്ച മാധ്യമപ്രവർത്തകൻ ബോറിയ മജുംദാറിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ. ബിസിസിഐ നിയോഗിച്ച 3 അംഗ കമ്മറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അഭിമുഖം നൽകാൻ വിസമ്മതിച്ചതിനാണ് വൃധിമാൻ സാഹയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും ബോറിയ മജുംദാർ സന്ദേശങ്ങൾ അയച്ചത്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കും വിലക്ക് സംബന്ധിച്ച വിവരം ബിസിസിഐ കൈമാറി. ഇതോടെ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാനും ബോറിയ മജുംദാറിന് കഴിയില്ല.
ബ്ലാക്ക് ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടുത്തണം എന്ന് ഐസിസിയോടും ബിസിസിഐ ആവശ്യപ്പെടുന്നു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ടീമിൽ നിന്ന് സാഹയെ ഒഴിവാക്കിയതിന് പിന്നാലെയാണ് മജുംദാറിന്റെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് താരം ട്വീറ്റ് ചെയ്തത്. ഇന്ത്യൻ ക്രിക്കറ്റിന് ഞാൻ നൽകിയ സംഭാവനകൾക്കെല്ലാം ഇതാണ് ബഹുമാന്യനായ മാധ്യമപ്രവർത്തകനിൽ നിന്ന് എനിക്ക് ലഭിക്കുന്നത്, വാട്സ്ആപ്പ് ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് സാഹ ട്വിറ്ററിൽ കുറിച്ചു.
ഇനി ഒരിക്കലും നിങ്ങളെ ഇന്റർവ്യൂ ചെയ്യില്ല. അധിക്ഷേപങ്ങൾ ഞാൻ ലഘുവായെടുക്കില്ല. ഇത് ഞാൻ ഓർത്തിരിക്കും എന്നെല്ലാമാണ് ബോറിയ മജുംദാർ സാഹയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറർ അരുൺ ധുമൽ, കൗൺസിലർ പ്രാഭ്തേജ് സിങ് എന്നിവരടങ്ങുന്ന കമ്മറ്റിയാണ് മജുംദാർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.