ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെ എതിരാളിയായി കിട്ടണമെന്ന് മുഹമ്മദ് സല. മാഞ്ചസ്റ്റർ സിറ്റി-റയൽ സെമി പോരിന് മുൻപായാണ് സലയുടെ വാക്കുകൾ. 2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തങ്ങളുടെ കൈകളിൽ നിന്ന് റയൽ കിരീടം തട്ടിയെടുത്തതിന് പുറമെ റാമോസിന്റെ പരുക്കൻ ചലഞ്ചിൽ പരിക്കേറ്റ് സലയ്ക്ക് ഗ്രൗണ്ടും വിടേണ്ടി വന്നു.
ഇതിന് പകരം ചോദിച്ചാക്കാൻ ലക്ഷ്യമിട്ടാണ് റയലിനെ ഫൈനലിൽ വേണമെന്ന സലയുടെ വാക്കുകൾ. റാമോസിന്റെ ചലഞ്ചിൽ പരിക്കേറ്റ് വീണ സല കണ്ണീരണിഞ്ഞാണ് ഗ്രൗണ്ട് വിട്ടത്. 3-1നായിരുന്നു റയലിനോടുള്ള തോൽവി.
മാഡ്രിഡിനെതിരെ കളിക്കണം എന്നാണ് എനിക്ക്. സിറ്റി കരുത്തരായ ടീമാണ്. ഈ സീസണിൽ ഏതാനും തവണ ഈ ടീമിനെതിരെ ഞങ്ങൾ കളിച്ചു കഴിഞ്ഞു. വ്യക്തിപരമായ എന്നോട് ചോദിച്ചാൽ ഞാൻ റയലിന്റെ പേരായിരിക്കും പറയുക. ഫൈനലിൽ അവരോട് ഞങ്ങൾ തോറ്റിരുന്നു. അതിനാൽ അവർക്ക് എതിരെ കളിക്കണം എന്നുണ്ട് എനിക്ക്. ഇത്തവണ ജയിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു, സല പറയുന്നു.
2-5 എന്ന ഗോൾ ശരാശരിയിൽ വിയ്യാറയലിനെ തകർത്താണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നത്. സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ 2-0ന് പിന്നിൽ നിന്നാണ് ലിവർപൂൾ ആദ്യ പകുതി അവസാനിപ്പിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ അടിച്ചു കൂട്ടി ലിവർപൂൾ ഫൈനൽ പ്രവേശനം ആഘോഷമാക്കി.