ഇ.കോളിയുമായി ജനിതകമായി അടുത്ത ബന്ധമുള്ള ബാക്ടീരിയയുടെ ഒരു ജനുസ്സാണ് ഷിഗെല്ല. ഇതൊരു ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയാണ്. ഷിഗെല്ല വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് എന്ന് അറിയപ്പെടുന്നത്.പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതാണ് ഈ രോഗം. എന്നാല്‍, ഷിഗെല്ല എന്നത് ഒരു പുതിയ ബാക്ടീരിയ അല്ല. 1897-ൽ ജാപ്പനീസ് മൈക്രോബയോളജിസ്റ്റ് ആയ ‘കിയോഷി ഷിഗ’ ആണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്. അക്കാലത്ത് ജപ്പാനിൽ പൊട്ടിപ്പുറപ്പെട്ട ചുവന്ന വയറിളക്കം എന്ന അസുഖത്തെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങളിൽ നിന്നാണ് ഈ രോഗാണുവിനെ തിരിച്ചറിയാനായത്. അന്ന് കിയോഷി ഷിഗ ഇതിന് നൽകിയത് ‘ബാസില്ലസ് ഡിസെൻറ്രിയേ’ എന്ന നാമം ആയിരുന്നെങ്കിലും പിന്നീട് 1930 അത് ‘ഷിഗല്ല’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ഷിഗെല്ലോസിസ് ലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം.രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. എല്ലാ ഷിഗെല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. രണ്ടുദിവസം മുതൽ ഏഴു ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു.
പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.മലിനമാക്കപ്പെട്ട ഭക്ഷണങ്ങള്‍(പാല്‍, മുട്ട, മത്സ്യ-മാംസങ്ങള്‍) തുടങ്ങിയവയില്‍ നിന്നും ഷിഗെല്ല ബാധയുണ്ടാകാം. ശീതികരിച്ചു സൂക്ഷിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കളില്‍ ഷിഗെല്ല ബാക്ടീരിയ കൂടുതല്‍ കാലം ജീവിക്കാന്‍ സാധ്യതയുണ്ട്.സാധാരണ വയറിളക്ക രോഗങ്ങളെപ്പോലെ രോഗബാധിതന്റെ വിസര്‍ജ്ജ്യം ഭക്ഷണത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ മറ്റൊരു വ്യക്തിയുടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ ബാക്ടീരിയ ബാധയുണ്ടാകുന്നു. ബാക്ടീരിയയുടെ തോത് കുറവാണെങ്കില്‍ പോലും അത് രോഗമുണ്ടാക്കാം. രോഗവാഹകനായ വ്യക്തി ഭക്ഷണം തയ്യാറാക്കുമ്പോഴും മറ്റും രോഗം മറ്റൊരു വ്യക്തിയിലേക്ക് വ്യാപിക്കാം.രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. രണ്ടുമുതൽ ഏഴുദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടും. ചിലകേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും.രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളിൽ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം “ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയും അധികമാണ്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കാന്‍ സാധ്യത കൂടുതല്‍. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ രോഗത്തെ നിയന്ത്രിക്കാം എന്നതാണ് അറിയേണ്ട പ്രധാനപ്പെട്ട കാര്യം.
തുടർച്ചയായ വയറിളക്കം റെക്ടൽ പ്രൊലാപ്സിലേക്ക് (വൻകുടലിൻറെ ഉള്ളിലെ ശ്ലേഷ്മസ്തരം മലദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി ഇറങ്ങുന്ന അവസ്ഥ) നയിച്ചേക്കാം. കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം അപൂർവം ചില ആളുകളിൽ ഈ രോഗം ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുന്നത് വഴി വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. മറ്റുചിലരിൽ വൻകുടലിൻറെ ചലനശേഷി നഷ്ടപ്പെട്ട് അതിനുള്ളിൽ രോഗാണു പെറ്റു പെരുകി പഴുപ്പ് വയറിനു ഉള്ളിലേക്ക് ബാധിച്ച് പെരിടോണിറ്റിസ് എന്ന അവസ്ഥയിലേക്കു നയിക്കാം.
ഷിഗെല്ല ബാക്ടീരിയ നാല് തരമുണ്ട്
1) ഷിഗെല്ല സൊനേയി
2) ഷിഗെല്ല ഫ്‌ളെക്‌സ്‌നെരി
3) ഷിഗെല്ല ബോയ്ഡി
4) ഷിഗെല്ല ഡിസെന്‍ട്രിയ
ഇതില്‍ ഷിഗെല്ല സൊനേയി മൂലമുണ്ടാകുന്ന ‘എകിരി സിന്‍ഡ്രോം’ ബാധിച്ച് രണ്ടാം ലോകമഹായുദ്ധ കാലത്തിന് മുന്‍പ് വര്‍ഷം തോറും 15,000 പേരാണ് മരണപ്പെട്ടിരുന്നത്. ഈ രോഗം ബാധിക്കുന്നവരില്‍ വളരെ പെട്ടെന്നാണ് കടുത്ത പനിയും അപസ്മാരവും അബോധാവസ്ഥയും ഉണ്ടായിരുന്നത്.മലപരിശോധനയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്.
ചികിത്സ
നിര്‍ജ്ജലീകരണം തടയാനാണ് പ്രധാനമായും ചികിത്സ. ശരീരത്തില്‍ നിന്ന് ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതിന് അനുസരിച്ച് അത് ശരീരത്തിലെത്തിക്കണം. ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ ധാരാളം നല്‍കണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ഡ്രിപ് നല്‍കേണ്ടി വരും.വയറിളക്ക രോഗങ്ങളില്‍ ആന്റിബയോട്ടിക് ചികിത്സ പൊതുവേ ആവശ്യമായി വരാറില്ല. പക്ഷേ, ഷിഗെലോസിസ് ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ വേണ്ടിവരും. രോഗതീവ്രത കുറച്ച് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഇത് ആവശ്യമാണ്.