ജിദ്ദ: ജിദ്ദ എയർപോർട്ടിൽ നിന്ന് മേയ് മൂന്നിന് മസ്‌കത്ത് വഴി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന 23 മലയാളി ഉംറ തീർഥാടകർ യാത്ര പോകാൻ കഴിയാതെ പ്രതിസന്ധിയിൽ. വിമാനം പുറപ്പെടുന്നതിനു മുമ്പ് വിമാനത്താവളത്തിനുള്ളിൽ കയറാൻ കഴിയാതെ മടക്കയാത്ര മുടങ്ങി നിസ്സഹായാവസ്ഥയിൽ കഴിയുന്ന ഇവരുടെ യാത്ര ഇനി എപ്പോഴാണ് എന്നറിയാത്ത അവസ്ഥയിലാണ്.
മാർച്ച് 18ന് ഉംറ തീർഥാടന വിസയിൽ വന്ന 23 പേരും മദീന സന്ദർശനം പൂർത്തിയാക്കി മടക്കയാത്രക്കായി ഷെഡ്യൂൾ ചെയ്ത വിമാനം കയറാൻ കൃത്യസമയത്ത് ജിദ്ദ വിമാനത്താവളത്തിൽ എത്തിയിരുന്നു. അഞ്ച് മണിക്ക് പോകേണ്ടിയിരുന്ന ഇവർ ഉച്ചക്ക് 1.30ന് തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ, അകത്ത് കയറാൻ പറ്റാതിരുന്ന സാഹചര്യം വന്നതിനാലാണ് വിമാനയാത്ര മുടങ്ങിയതെന്ന് യാത്രക്കാർ പറഞ്ഞു. സലാം എയർ ലൈൻസിൻറെ വിമാനത്തിലായിരുന്നു ഇവർക്ക് പോകേണ്ടിയിരുന്നത്.
ചില സാങ്കേതിക തടസ്സങ്ങൾ കാരണം യാത്രക്കാരെ മിലിട്ടറി ഉദ്യോഗസ്ഥർ അകത്ത് കയറ്റിയില്ല. വിമാനം മുടങ്ങുമെന്ന് യാത്രക്കാർ ബന്ധപ്പെട്ടവരെ ഗൗരവപൂർവം അറിയിച്ചപ്പോൾ ഒടുവിൽ വിമാനം ഉയരുന്നതിന് 15 മിനുറ്റ് മുമ്പ് അകത്ത് കടക്കാൻ യാത്രക്കാർക്ക് കഴിഞ്ഞുവെങ്കിലും അപ്പോഴേക്കും വിമാനം പറന്നു കഴിഞ്ഞതായി യാത്രക്കാർ പറഞ്ഞു. സ്വകാര്യ ഉംറ ഗ്രൂപ്പിൽ വന്ന തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ള ഇവരുടെ യാത്രാപ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണിപ്പോഴും.