മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിംഗ്സിന് ജയം. എട്ട് വിക്കറ്റിനാണ് പഞ്ചാബ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി മികവില്‍ പഞ്ചാബ് 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ശിഖർ ധവാന്റെ അർധ സെഞ്ചുറിയും ലിയാം ലിവിംഗ്സ്റ്റണിന്റെ മിന്നും പ്രകടനവുമാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. ഓപ്പണർ ജോണി ബ്രയർസ്റ്റോ (1) മാത്രമാണ് ഇന്ന് താളം കണ്ടെത്താൻ സാധിക്കാതെ വന്നത്.
ശിഖർ ധവാൻ 53 പന്തിൽ 62 റണ്‍സുമായി പുറത്താകാതെ നിന്നു. ഭാനുക രാജപ്കസെ 28 പന്തിൽ 40 റണ്‍സെടുത്തു. പത്ത് പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 30 റണ്‍സുമായി ലിവിംഗ്സറ്റണും പുറത്താകാതെ പഞ്ചാബിനെ വിജയത്തിലെത്തിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ കാഗിസോ റബാഡയുടെ നേതൃത്വത്തിലാണ് പഞ്ചാബ് ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. 50 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. നാല് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഗുജറാത്തിനെ തകര്‍ത്തത്.
ജയത്തോടെ പഞ്ചാബ് പത്ത് പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. 16 പോയിന്റുള്ള ഗുജറാത്താണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.