മഞ്ചേരി: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീടം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്റെ കിരീടനേട്ടം. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്റെ മൂന്നാം കിരീടവും 2018 ന് ശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്റെ കിരീടനേട്ടം.
പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്റെ സജലിന് പിഴച്ചു. സജലിന്റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്റെ കിക്കുകള്‍ എല്ലാം ഗോളായി. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ സഫ്നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളം ഒപ്പമെത്തി.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
കളിയിലുടനീളം ലഭിച്ച മികച്ച അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തിയപ്പോള്‍ അധിക സമയത്ത് കാണികളെ ഞെട്ടിച്ച് 97-ാം മിനിറ്റില്‍ ദിലീപ് ഒറാവ്നിലൂടെ ബംഗാള്‍ മുന്നിലെത്തി. വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. പന്ത് പിടിച്ചെടുത്ത് സുപ്രിയ പണ്ഡിറ്റ് നല്കിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍ വീണതോടെ കേരളം സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 116-ാം മിനിറ്റില്‍ കാണികള്‍ കാത്തിരുന്ന നിമിഷമെത്തി. നൗഫലിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് സഫ്നാദ് കേരളത്തിന്റെ സമനില ഗോള്‍ നേടിയതോടെ സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ മത്സരം ഷൂട്ടൗട്ടിലേക്ക്.