തൃശൂർ: നവകേരള സൃഷ്ടിയോടൊപ്പം കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമായി മാറ്റിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തളിക്കുളം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിട നിർമ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ അന്തർദേശീയ നിലവാരത്തിലേയ്ക്ക് ഉയർത്താൻ കിഫ്ബി പദ്ധതിയിലൂടെ കഴിഞ്ഞു. വിദ്യാലയങ്ങളുടെ അക്കാദമിക ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങൾ സർക്കാർ നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുവിദ്യാലയങ്ങളുടെ വളർച്ച മാതൃകയാക്കി ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നത്. വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യവികസനത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത, ഹെസ്മാസ്റ്റർ ആർ നവീൻ, വിഎച്ച്എസ് സി പ്രിൻസിപ്പാൾ കെ ജി ഷൈനി, എച്ച് എസ് എസ് പ്രിൻസിപ്പാൾ കെ ഡി പ്രസന്നകുമാരി,
പി ടി എ പ്രസിഡന്റ് കെ എസ് ബാബു തുടങ്ങിയവർ പങ്കെടുത്തു.