വെള്ളിത്തിരയില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ സോതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്ന ആകാംഷയിലായിരുന്നു പ്രേക്ഷകർ. ആ പ്രതീക്ഷകൾ സഫലീകരിച്ചു കൊണ്ടാണ് സിബിഐ5 ദി ബ്രെയിൻ തിയറ്ററുകളിൽ എത്തിയത്. പതിവ് താരനിരയ്ക്ക് പുറമെ മലയാള സിനിമയിലെ ഒട്ടേറെ പരിചിത മുഖങ്ങളും പുതുമുഖങ്ങളും അണിനിരന്ന ചിത്രം ബാസ്കറ്റ് കില്ലിംഗ് പ്രമേയമാക്കി ഒരുക്കിയതാണ്.
പുതുമയുള്ള ഒരു വിഷയം ട്വിസ്റ്റുകൾ നിറച്ച് അവതരിപ്പിച്ചു എന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്.എന്നാൽ 33 വർഷത്തിനിടയിലിറങ്ങിയ മറ്റു സിബിഐ പരമ്പരകളെ അപേക്ഷിച്ച് ദി ബ്രെയിനിലെ മേക്കിങ്ങിന്റെ ചെറിയ പാളിച്ചകളും വിഷ്വൽ ക്വാളിറ്റിയും സിനിമയെ ബാധിച്ചു എന്നാണ് പ്രേഷകരുടെ അഭിപ്രായം .
കേരള രാഷ്ട്രീയത്തിൽ നടന്ന ഒരു മരണവും അതിനെ തുടർന്നുണ്ടായ കൊലപാതകങ്ങളുമായുള്ള ഒരു കേസ് കേരള പോലീസിൽ നിന്നും സിബിഐ അന്വേഷണത്തിലേക്ക് എത്തുന്നു. ഇതുവരെയുള്ള സിബിഐ പരമ്പരകളിൽ അതിബുദ്ധിപരമായി പ്രത്യേകം ബുദ്ധിമുട്ടുകളില്ലാതെ കേസ് തെളിയിച്ചിരുന്ന സിബിഐ ടീമിന് ഈ കേസ് നിർണായകമായി മാറുന്നതും പിന്നീട് പ്രതികളെ തേടിയുള്ള അന്വേഷണത്തിൽ വന്നുചേരുന്ന ഒട്ടേറെ ട്വിസ്റ്റുകളുമാണ് ദി ബ്രെയിൻ എന്ന ചിത്രത്തിന്റെ പ്രമേയം.
ജഗതിയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തിയ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച വിക്രം ഒരു നിർണായക വഴിത്തിരിവാകുന്നുണ്ട്. മുൻ സിബിഐ പരമ്പരകളിൽ സേതുരാമ അയ്യർക്കും ചാക്കോയ്ക്കും ഒപ്പം എത്തിയിരുന്ന വിക്രം ആയിരുന്നു സിനിമയുടെ ഏറ്റവും പ്രധാന ആകർഷണം. പ്രേക്ഷകര്‍ക്ക് അപരിചിതമായ ബാസ്‌കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയും അന്വേഷണവും വിശദമായിത്തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.ഒരു ക്രൈം ത്രില്ലർ എന്ന നിലയിൽ ‘സിബിഐ 5- ദി ബ്രെയിൻ’ അടയാളപ്പെടുത്താൻ കഴിയും.
പ്രകടനംകൊണ്ട് എല്ലാവരും മികവ് പുലർത്തിയെങ്കിലും സായി കുമാറാണ് ഒരുപടികൂടി മുന്നിൽ.
മമ്മൂട്ടി, മുകേഷ്, ജഗതി, സായി കുമാർ എന്നിവർക്കൊപ്പം രഞ്ജി പണിക്കർ, രമേഷ് പിഷാരടി, ആശ ശരത്ത്, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, കനിഹ, അനൂപ് മേനോൻ, സുദേവ് നായർ, അൻസിബ ഹസൻ, ഇടവേള ബാബു, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക വിജയ് എന്നിങ്ങനെ വൻ താരനിര ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. സിബിഐ പരമ്പരയിലെ മറ്റ് നാല് ചിത്രങ്ങള്‍ക്കും സംഗീതമൊരുക്കിയത് ശ്യാം ആണ്. പുതുമയാർന്ന പശ്ചാത്തല സംഗീതവും ചിത്രത്തിലുണ്ടെങ്കിലും സേതുരാമയ്യരുടെ ഹിറ്റ് മ്യൂസിക് തന്നെയാണ് ഹൈലൈറ്റ്.