പൂന: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന്റെ (57 പന്തിൽ ആറ് സിക്സും ആറ് ഫോറും അടക്കം 99) മിന്നും ഇന്നിംഗ്സ് ബലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ ചെന്നൈ13 റൺസിനു കീഴടക്കി. ചെന്നൈ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 6 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
ഋതുരാജിന്റെയും 55 പന്തിൽ പുറത്താകാതെ 85 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയുടെയും മികവിലാണ് സിഎസ്കെ 202 റണ്‍സ് അടിച്ചുകൂട്ടിയത്. മൂന്നാം നന്പറായെത്തിയ ക്യാപ്റ്റൻ എം.എസ്. ധോണിക്ക് (8) തിളങ്ങാനായില്ല. ഋതുരാജ് – കോണ്‍വെ ഓപ്പണിംഗ് കൂട്ടുകെട്ട് 182 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്.
ഹൈദരാബാദിനായി നടരാജൻ രണ്ട് വിക്കറ്റെടുത്തു.
ഓപ്പണർമാരായ അഭിഷേക് ശർമയും കെയ്ൻ വില്യംസണും ഹൈദരാബാദിന് മികച്ച തുടക്കമായിരുന്നു നൽകിയത്. എന്നാൽ സ്കോർ 58 എത്തിനിൽക്കെ അഭിഷേക് പുറത്തായി. പിന്നീടെത്തിയ രാഹുൽ ത്രിപാഠി പൂജ്യനായി മടങ്ങിയതോടെ ടീമിന്റെ താളം തെറ്റി. ക്യാപ്റ്റൻ വില്യംസൺ പതുക്കെ സ്കോർ ഉയർത്തിയെങ്കിലും ഇടയ്ക്കിടെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി.
അവസാന ഓവറുകളിൽ നിക്കോളാസ് പൂരാൻ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ചെന്നൈയ്ക്ക് വേണ്ടി മുകേഷ് ചൗധരി നാലും മിച്ചൽ സാന്റനർ, പ്രറ്റീഷ്യസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.