മുംബൈ: ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ജയം. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറ് റണ്‍സിനാണ് ലഖ്നൗ പരാജയപ്പെടുത്തിയത്. ലഖ്നൗ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി പൊരുതി നോക്കിയെങ്കിലും ഏഴു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാല് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ മൊഹ്സിന്‍ ഖാന്റെ പ്രകടനമാണ് സൂപ്പര്‍ ജയന്റ്സിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ജയത്തോടെ 10 കളികളില്‍ നിന്ന് 14 പോയിന്റുമായി ലഖ്നൗ രണ്ടാം സ്ഥാനത്തെത്തി.
30 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്ത അക്ഷര്‍ പട്ടേല്‍ 24 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 42 റണ്‍സെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറില്‍ 3 വിക്കറ്റിന് 195 റണ്‍സ് നേടി. കെ എല്‍ രാഹുല്‍ 51 പന്തില്‍ 77, ദീപക് 34 പന്തില്‍ 52 റണ്‍സ് നേടി. ഷാർദുല്‍ ഠാക്കൂറാണ് മൂന്ന് വിക്കറ്റും നേടിയത്.
ഗംഭീര തുടക്കമാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന് ലഭിച്ചത്. പവർപ്ലേയില്‍ 57-1 എന്ന മികച്ച സ്കോർ നേടി ടീം. 13 പന്തില്‍ 23 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ ഷാർദുല്‍ ഠാക്കൂർ മടക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അർധ സെഞ്ചുറി കൂട്ടുകെട്ടുമായി കെ എല്‍ രാഹുലും ദീപക് ഹൂഡയും ടീമിനെ മുന്നോട്ട് നയിച്ചു. 15-ാം ഓവറില്‍ ഹൂഡയെ ഠാക്കൂർ മടക്കുമ്പോള്‍ ലക്നൗ 137 റണ്‍സിലെത്തിയിരുന്നു. ഹൂഡ-രാഹുല്‍ സഖ്യം 95 റണ്‍സ് ചേർത്തു.
പിന്നീട് മാർക്കസ് സ്റ്റോയിനിസും സാവധാനം കളംനിറഞ്ഞതോടെ ലഖ്നൗ മികച്ച സ്കോറിലെത്തി. ഠാക്കൂർ എറിഞ്ഞ 19-ാം ഓവറില്‍ രാഹുലിനെ സിക്സർ ശ്രമത്തിനിടെ ബൌണ്ടറിലൈനില്‍ ലളിത് യാദവ് പിടികൂടി. രാഹുല്‍ 51 പന്തില്‍ 77 റണ്‍സെടുത്തു. മാർക്കസ് സ്റ്റോയിനിസ് 16 പന്തില്‍ 17, ക്രുനാല്‍ പാണ്ഡ്യ 6 പന്തില്‍ 9 റണ്‍സുമായി പുറത്താകാതെ നിന്നു.