മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും മൃഗങ്ങളുടെ ക്രൂരത തടയാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അവബോധം വളര്‍ത്തി ഇന്ന് ലോക വെറ്ററിനറി ദിനം. ഏപ്രില്‍ അവസാന ശനിയാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. ഈ വര്‍ഷം, ഇത് ഏപ്രില്‍ 30 നാണ്. മൃഗാരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യവും മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ വേണ്ട നടപടികളെ കുറിച്ചും ബോധവത്കരണം നൽകുകയുമാണ് ഈ ദിനത്തിൽ ചെയ്യാറുള്ളത്. മൃഗങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് വെറ്ററിനറി ഡോക്ടര്‍മാര്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് ബോധവാത്മാരാക്കാനായി 2001 മുതലാണ് ഈ ദിനം ആചരിച്ച് തുടങ്ങിയത്. വളര്‍ത്തുമൃഗത്തിന്റെ ഉത്തരവാദിത്തമുള്ള ഉടമയായി നിലകൊള്ളേണ്ടതിന്റെ ആവശ്യകതയും മൃഗസംരക്ഷണത്തിന്റെ വിവിധ വശങ്ങളിലെ അറിവിന്റെ പ്രാധാന്യവും ഇന്ന് നാം മനസിലാക്കണം.
ലോക വെറ്ററിനറി ദിനത്തിന്റെ സന്ദേശം ഇക്കാലത്ത് ഏറെ പ്രസക്തമാണ്. ‘വെറ്ററിനറി പ്രതിരോധത്തിന് കരുത്തേകാം’ എന്ന ഈ വർഷത്തെ സന്ദേശം. വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് അവരുടെ ജോലിയില്‍ ആവശ്യമായ എല്ലാത്തരം സഹായങ്ങളും മറ്റും നല്‍കണമെന്നാണ് ഇതിനര്‍ത്ഥം. ഡോക്ടര്‍മാരും സംഘടനകളുമെടുത്ത പ്രയത്നത്തിനെ വിലമതിക്കും. 2021ല്‍ കോവിഡുമായി ബന്ധപ്പെട്ടതായിരുന്നു പ്രമേയം.’കോവിഡ് പ്രതിസന്ധിയോടുള്ള വെറ്ററിനറിയുടെ പ്രതികരണം’ എന്നായിരുന്നു അത്.
ലോക വെറ്ററിനറി ദിനത്തിന്റെ ചരിത്രം 1863 മുതലുള്ളതാണ്. എഡിന്‍ബര്‍ഗിലെ വെറ്ററിനറി കോളേജിലെ പ്രൊഫസര്‍ ജോണ്‍ ഗാംഗീ യൂറോപ്പില്‍ നിന്നുള്ള മൃഗഡോക്ടര്‍മാരെ ഒരു മീറ്റിംഗിന് ക്ഷണിച്ചിരുന്നു. ഈ യോഗത്തിന് ഇന്റര്‍നാഷണല്‍ വെറ്ററിനറി കോണ്‍ഗ്രസ് എന്ന് പേരിട്ടു. 1906ല്‍ വേള്‍ഡ് വെറ്ററിനറി കോണ്‍ഗ്രസിന്റെ എട്ടാം സെഷനിലെ അംഗങ്ങള്‍ ഒരു സ്ഥിരം സമിതി രൂപീകരിച്ചു. സ്റ്റോക്ക്ഹോമില്‍ നടന്ന കോണ്‍ഗ്രസിന്റെ 15ാം സെഷനില്‍, സ്ഥിരം സമിതിക്കും മറ്റ് അംഗങ്ങള്‍ക്ക് ഒരു വലിയ സംഘടനയുടെ ആവശ്യകത തോന്നി. അതിനാല്‍, 1959-ല്‍ നടന്ന അടുത്ത കോണ്‍ഗ്രസ് സമ്മേളനത്തോടെ, വേള്‍ഡ് വെറ്ററിനറി അസോസിയേഷന് മാഡ്രിഡില്‍ സ്ഥാപിക്കപ്പെട്ടു. 1997 ല്‍ ഒരു പുതിയ ഭരണഘടന രൂപീകരിക്കുകയും സംഘടനയുടെ ഘടന പൂര്‍ണ്ണമായും മാറ്റുകയും ചെയ്തു. വേള്‍ഡ് വെറ്ററിനറി അസോസിയേഷനില്‍ 70-ലധികം രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ഉണ്ട്.
ലോക വെറ്ററിനറി ദിനത്തിന്റെ ലക്ഷ്യങ്ങള്‍ മൃഗങ്ങളുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. മൃഗങ്ങളും മനുഷ്യരും പരസ്പരബന്ധിതമായ ജീവിതം നയിക്കുന്നു, അതിനാല്‍ അവരുടെ അസ്തിത്വം പരസ്പരം ആശ്രയിച്ചിരിക്കുന്നു എന്ന തിരിച്ചറിവില്‍ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകമെമ്പാടുമുള്ള മൃഗഡോക്ടര്‍മാര്‍ നടത്തുന്ന ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു.
വേള്‍ഡ് വെറ്ററിനറി അസോസിയേഷന് (ഡബ്ല്യുവിഎ) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓരോ രണ്ട് വര്‍ഷത്തിലും ഒരു കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു. ഈ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുക, പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്തവും വിവേകപൂര്‍ണ്ണവുമായ ഉപയോഗം, മരുന്നുകളുടെ ശരിയായ വിനിയോഗം ഉറപ്പാക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പ്രവര്‍ത്തനങ്ങള്‍ അസോസിയേഷനില്‍ നിന്നുള്ള ഓരോ അംഗവും ഒരു നിശ്ചിത അംഗത്വ ഫീസ് നല്‍കേണ്ടതുണ്ട്. 2001-ലാണ് വേള്‍ഡ് വെറ്ററിനറി അസോസിയേഷന്, ലോക വെറ്ററിനറി ദിനം എല്ലാ വര്‍ഷവും ഏപ്രില്‍ അവസാന ശനിയാഴ്ച ആഘോഷിക്കാന്‍ തീരുമാനിച്ചത്. വേള്‍ഡ് വെറ്ററിനറി അസോസിയേഷന് മറ്റ് ഉപയോഗപ്രദമായ നിരവധി പദ്ധതികളും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. വേള്‍ഡ് ഓര്ഗനൈസേഷന് ഫോര്‍ ആനിമല്‍ ഹെല്‍ത്ത് എന്ന സംഘടനയുമായി സഹകരിച്ച് വേള്‍ഡ് വെറ്ററിനറി ഡേ അവാര്‍ഡും നല്‍കിവരുന്നുണ്ട്. 2008-ല്‍ ആരംഭിച്ച ഈ ഉദ്യമം വെറ്ററിനറി തൊഴിലിനെ പ്രോത്സാഹിപ്പിക്കുന്നതിന് കരുത്തേകുന്നു. കെനിയ വെറ്ററിനറി അസോസിയേഷനാണ് ഈ അവാര്‍ഡ് ആദ്യം ലഭിച്ചത്.
കോവിഡ്-19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ലോകം ജാഗ്രതയോടെ പോരാടുന്ന സമയമാണിത്. മനുഷ്യരുടെ ആരോഗ്യസുരക്ഷിതത്വം പരിസ്ഥിതിയുടെയും മറ്റു ജീവജാലകങ്ങളുടെയും ആരോഗ്യവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ മഹാമാരി നമ്മെ ബോധ്യപ്പെടുത്തുന്നു. ചൈനയിലെ വുഹാന്‍ പട്ടണത്തിലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് ഉദ്ഭവിച്ച വൈറസ് ചുരുങ്ങിയ സമയംകൊണ്ടാണ് മരണം വിതച്ച് ലോകമാകെ പടര്‍ന്നതും രാജ്യങ്ങളെത്തന്നെ ലോക്ഡൗണില്‍ ആക്കിയതും. കോവിഡ്-19 ന് കാരണമായ സാര്‍സ്-കോവ്-2 വൈറസുകള്‍ എവിടെനിന്നാണ് മനുഷ്യരിലേക്കു പകര്‍ന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതുവരെയും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോഴും മൃഗങ്ങളിൽ നിന്നാണ് രോഗം വന്നത് എന്ന് വിശ്വസിക്കുന്നവരാണ് അധികവും.
ജന്തുജന്യ രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഫലപ്രദമായി പ്രതിരോധിക്കാനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനും നമ്മുടെ ആരോഗ്യ സമീപനങ്ങളില്‍ നയപരമായ മാറ്റം അനിവാര്യമാണ്. മനുഷ്യരില്‍ മാത്രം ഒരുങ്ങി നില്ക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യ രോഗനിയന്ത്രണം സാധ്യമല്ല. നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളുടെയും അവയുടെ ആവാസ വ്യവസ്ഥകളുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് ജന്തുജന്യ രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. മനുഷ്യരുടെ ആരോഗ്യസുരക്ഷിതത്വം പ്രകൃതിയുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വണ്‍ ഹെല്‍ത്ത് അഥവാ ഏകാരോഗ്യം എന്ന ആശയത്തിന്റെ സത്ത. ലോക വെറ്ററിനറി ദിനം മുന്നോട്ട് വെക്കുന്ന സന്ദേശവും അതു തന്നെയാണ്.