കൊച്ചി: ഇടുക്കി പീരുമേട്ടിൽ സ്ഥാപിക്കാനിരിക്കുന്ന എയർ സ്ട്രിപ്പിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പദ്ധതിക്ക് മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും ഇത് നടപ്പായാൽ പെരിയാർ കടുവാ സങ്കേതത്തിന് ഭീഷണിയാണെന്നും ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
പദ്ധതിക്ക് കേന്ദ്രവനം മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും സർക്കാർ വ്യക്തമാക്കി. തൊടുപുഴ സ്വദേശി എം.എൻ. ജയചന്ദ്രനാണ് എയർ സ്ട്രിപ്പിനെതിരെ ഹൈകോടതിയിൽ ഹരജി നൽകിയത്. വനത്തോട് ചേർന്ന് എയർസ്ട്രിപ്പ് സ്ഥാപിക്കുന്നത് ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും 4.8565 ഹെക്ടർ വനഭൂമിയിൽ പാരിസ്ഥിതികാഘാത പഠനം നടത്താതെയും വനം, പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെയുമാണ് എയർസ്ട്രിപ്പ് നിർമ്മിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.