ദുബായ് ∙ വീസ ചട്ടങ്ങളിലെ ഇളവുകൾ ഉപയോഗപ്പെടുത്തി കൂടുതൽ നിക്ഷേപകർക്കായി വാതിൽ തുറന്ന് ദുബായ് ഫ്രീസോണുകൾ. ‘സ്മാർട്’ സംരംഭങ്ങൾ ഉൾപ്പെടെ തുടങ്ങാനും വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവർക്ക് തൊഴിൽ നേടാനും ഇളവുകളോടെ സൗകര്യമൊരുക്കും.
8 വർഷം കൊണ്ട് 25,000 കോടി ദിർഹത്തിന്റെ വളർച്ചനേടാനുള്ള ബൃഹദ് പദ്ധതിക്കാണ് ദുബായ് ഫ്രീസോൺ (ഡിഎഫ്ഇസഡ്) കൗൺസിൽ രൂപം നൽകിയത്. ദുബായുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 2030നകം വൻ മുന്നേറ്റമുണ്ടാക്കാനുള്ള കർമപരിപാടികളാണ് നടപ്പാക്കുകയെന്ന് കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.
പുതിയ വീസകളും നിലവിലുള്ള വീസകളിൽ വൻ ഇളവുകളും പ്രഖ്യാപിച്ചതോടെ ഒട്ടേറെ സംരംഭകരും സാങ്കേതിക വിദഗ്ധരും കടന്നുവരുമെന്നാണ് പ്രതീക്ഷ. യുഎഇയിൽ സംരംഭങ്ങൾ തുടങ്ങിയാൽ ആഫ്രിക്കൻ രാജ്യങ്ങളിലടക്കം പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങാതെ അവസരങ്ങൾ ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന നേട്ടം. ആഫ്രിക്കൻ മേഖലയിലെ വൻസാധ്യതകൾ എക്സ്പോയിൽ ലോകത്തിനു ബോധ്യപ്പെടുകയും ചെയ്തു.