അഞ്ച് ഗോളുമായി ജെസിൻ; കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

 

മഞ്ചേരി: സന്തോഷ് ട്രോഫി സെമിഫൈനലിൽ കർണാടകയെ തകർത്ത് കേരളം. മൂന്നിനെതിരെ 7 ഗോളുകൾക്കാണ് കേരളത്തിൻ്റെ ജയം. ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷമാണ് കേരളം തിരികെവന്നത്. കേരളത്തിനായി ജെസിൻ അഞ്ച് ഗോളുകൾ നേടി. ആദ്യ പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയാണ് ജെസിൻ അസാമാന്യ പ്രകടനം നടത്തിയത്.

ഷിഗില്‍, അര്‍ജുന്‍ ജയരാജ് എന്നിവരാണ് കേരളത്തിന്റെ മറ്റ് സ്‌കോറര്‍മാര്‍. വെള്ളിയാഴ്ച നടക്കുന്ന ബംഗാള്‍ – മണിപ്പുര്‍ സെമി ഫൈനല്‍ വിജയികളെ തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം നേരിടും.

പഞ്ചാബിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍നിന്ന് ഒരു മാറ്റവുമായാണ് കേരളം സെമിയില്‍ കര്‍ണാടകയ്ക്കെതിരേ ആദ്യ ഇലവനെ ഇറക്കിയത്. കെ. സല്‍മാന് പകരം നിജോ ഗില്‍ബര്‍ട്ട് ടീമില്‍ തിരിച്ചെത്തി.

കേരളത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും പതിയെ താളം കണ്ടെത്തിയ കര്‍ണാടക കേരള ബോക്സിലേക്ക് പന്ത് എത്തിച്ചുകൊണ്ടിരുന്നു. ഇതിനിടെ കേരളത്തിന്റെ പല ഗോള്‍ ശ്രമങ്ങളും പാഴായിപ്പോകുന്നതിനും സ്റ്റേഡിയം സാക്ഷിയായി. 15,16 മിനിറ്റുകളിലെ കേരളത്തിന്റെ ശ്രമങ്ങള്‍ ഫലം കാണാതെ പോയി. 17-ാം മിനിറ്റില്‍ കോര്‍ണറില്‍നിന്നുള്ള സഹീഫിന്റെ ഗോള്‍ശ്രമം കര്‍ണാടക ഗോള്‍കീപ്പര്‍ കെവിന്‍ കോശി തടഞ്ഞു. തൊട്ടുപിന്നാലെ ഷിഗിലിന്റെ ഒരു ഷോട്ടും ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി.

കേരള മുന്നേറ്റങ്ങള്‍ ഫലം കാണാതെയിരിക്കുന്നതിനിടെ 25-ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ച് കര്‍ണാടക മുന്നിലെത്തി. ഇടതു വിങ്ങില്‍ നിന്ന് വന്ന ക്രോസ് ബോക്സിന് മുന്നിലുണ്ടായിരുന്ന സുധീര്‍ ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
 
ഈ ഗോൾ പിറന്നതിന് പിന്നാലെ ബിനോ ജോർജ്ജ് വിക്നേഷിനെ പിൻവലിച്ച് ജെസിനെ കളത്തിലെത്തിക്കുകയായിരുന്നു. ബിനോയുടേത് മാസ്റ്റര്‍ ക്ലാസ് തീരുമാനമായിരുന്നെന്ന് മനസിലാക്കാന്‍ മിനുട്ടുകള്‍ പോലും വേണ്ടി വന്നില്ല. 35ആം മിനുട്ടിൽ ജെസിന്‍റെ സമനില ഗോള്‍. ഗോൾ ലൈൻ വിട്ടു വന്ന ഗോള്‍കീപ്പര്‍ക്ക് മുകളിലൂടെ ചിപ്പ് ചെയ്തായിരുന്നു ജെസിൻ വല കുലുക്കിയത്.

42ആം മിനുട്ടിൽ വീണ്ടും ജെസിൻ കര്‍ണാടകയെ ഞെട്ടിച്ചു. കിടിലന്‍ ഫിനിഷിങ് ടച്ചിലൂടെയായിരുന്നു ജെസിന്‍റെ രണ്ടാം ഗോള്‍. കേരളം 2-1ന് മുന്നിൽ. അവിടെയും നിര്‍ത്തിയില്ല ജെസിന്‍. 45ആം മിനുട്ടിൽ താരം ഹാട്രിക്കും തികച്ചു. ബിനോയുടെ മികച്ച നീക്കത്തിനൊടുവില്‍ ജെസിന്‍റെ അത്ഭുത പ്രകടനം. കേരളം 3-1ന് മുന്നില്‍. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഷിഗിലും ഗോൾ കണ്ടെത്തിയതോടെ കേരളം 4-1ന് മുന്നിൽ.

രണ്ടാം പകുതിയില്‍ കേരളത്തിനായി രണ്ട് ഗോളുകള്‍ കൂടി ജെസിന്‍റെ ബൂട്ടില്‍ നിന്ന് പിറന്നു. അര്‍ജുന്‍ ജയരാജന്‍ കൂടി സ്കോര്‍ ചെയ്തതോടെ കേരളത്തിന്‍റെ പട്ടിക പൂര്‍ത്തിയായി. ഒറ്റപ്പെട്ട ആക്രമണങ്ങളുമായി കര്‍ണാടക തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും രണ്ട് ഗോള്‍ മാത്രമാണ് രണ്ടാം പകുതിയില്‍ അവര്‍ക്ക് നേടാനായത്. അങ്ങനെ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ കേരളം കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത് ഫൈനലില്‍.