ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ അമരത്ത് ബെൻ സ്റ്റോക്സിനെ നിയമിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ 81–ാമത്തെ ക്യാപ്റ്റനാണ് സ്റ്റോക്സ്.
സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിനു പകരക്കാരനായാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ പുതിയ ക്യാപ്റ്റനാവുന്നത്. ജോ റൂട്ട് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ വൈസ് ക്യാപ്റ്റനായ ബെൻ സ്റ്റോക്സ് തന്നെ നായകനാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പർ ഓൾറൗണ്ടറാണ് ബെന്‍ സ്റ്റോക്സ്. ഐ.സി.സിയുടെ ഓള്‍റൌണ്ടര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള താരം കൂടിയാണ് സ്റ്റോക്സ്. തുടര്‍ച്ചയായി പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നയിക്കുക എന്ന വലിയ വെല്ലുവിളിയാണ് സ്റ്റോക്സിനെ കാത്തിരിക്കുന്നത്.
2013ൽ ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സ്റ്റോക്സിനെ 2017ൽ ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. 79 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 5061 റൺസും 174 വിക്കറ്റുമാണ് താരം നേടിയിട്ടുള്ളത്.