മദീന: റമദാൻ 27 മുതൽ ശവ്വാൽ രണ്ട് വരെയുള്ള ദിവസങ്ങളിൽ മസ്ജിദുന്നബവിയിലെ റൗദാ സന്ദർശനാനുമതി താൽക്കാലികമായി നിർത്തിവെച്ചു. സന്ദർശകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും സുരക്ഷ കണക്കിലെടുത്തും തിരക്ക് നിയന്ത്രിച്ച് എല്ലാവർക്കും അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിനുമാണ് ഈ നടപടിയെന്ന് മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു.
സന്ദർശകർക്കും നമസ്കരിക്കാൻ വരുന്നവർക്കും മികച്ച സൗകര്യവും സേവനവുമാണ് ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് സന്ദർശകരാണ് റമദാനിൽ മസ്ജിദുന്നബവിയിൽ നമസ്കരിക്കാനും റൗദ സന്ദർശിക്കാനും എത്തിയത്. വർധിച്ച തിരക്കാണ് നമസ്കാര വേളയിൽ അനുഭവപ്പെടുന്നത്.
മുൻവർഷങ്ങളിലും ഈദ് ദിനങ്ങളിൽ റൗദയിലേക്കുള്ള പ്രവേശനം താൽകാലികമായി നിർത്തിവെച്ചിരുന്നു. ഇത്തവണയും ഈ രീതിയിലാണ് റൗദാ സന്ദർശനം താൽകാലികമായി നിർത്തിവെക്കുന്നത്. സന്ദർശകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും സുരക്ഷക്കും അവർക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവരെ എളുപ്പത്തിൽ സന്ദർശനം പൂർത്തിയാക്കാനുമാണിതെന്ന് മസ്ജിദുന്നബവി കാര്യാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.