ജിദ്ദ: ആഭ്യന്തര വിമാനയാത്രയുടെ ടിക്കറ്റ് നിരക്ക് വിലവർധനയിൽ ഇടപെടുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക). നിലവിലെ ആഭ്യന്തര സർവിസുകളിലെ ഉയർന്ന ടിക്കറ്റ് നിരക്കിനെ സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. ഈ രംഗത്ത് നേരിട്ടുള്ള നടപടി കൈക്കൊള്ളുമെന്ന് അതോറിറ്റി അറിയിച്ചു.
ആഭ്യന്തര വിമാന സർവിസിൽ വിമാന ടിക്കറ്റ് നിരക്കിൽ മാറ്റംവരുത്തിയതായി ശ്രദ്ധയിൽപെട്ടതായും ടിക്കറ്റ് വിലയെക്കുറിച്ച് പ്രചരിക്കുന്ന വിവരങ്ങൾ പിന്തുടരുന്നതായും അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
സൗദിയിലെ വ്യോമയാനമേഖലയുടെ നിയന്ത്രണ അതോറിറ്റി എന്ന നിലയിൽ ആഭ്യന്തര വിമാന സർവിസുകളുടെയും സീറ്റുകളുടെയും എണ്ണം വർധിപ്പിച്ചും യാത്ര ടിക്കറ്റിൻറെ വില നിർണയരീതി പരിശോധിച്ചും ഇക്കാര്യത്തിൽ നേരിട്ട് ഇടപെടും.
ഈ നടപടികളിലൂടെ യാത്രക്കാർക്ക് അനുയോജ്യമായ വില ഉറപ്പാക്കാനും വ്യോമഗതാഗത മേഖലയിലെ മത്സരക്ഷമത വർധിപ്പിക്കാനും സാധിക്കും. യാത്രക്കാരുടെ അവകാശസംരക്ഷണത്തിനാണ് മുഖ്യ പരിഗണനയെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഊന്നിപ്പറഞ്ഞു. ഈ മേഖലയിലെ അതോറിറ്റിയുടെ ഇടപെടൽ യാത്രക്കാർക്ക് ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.