അബുദാബി: അപ്പാർട്ട്മെന്റുകളുടെ ബാൽക്കണികളിലും ജനലുകളിലും വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ അബുദാബിയിൽ മുനിസിപ്പാലിറ്റി അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികൾ നഗര സൗന്ദര്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. നഗരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനും അതിനായുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നൽകാനും ലക്ഷ്യമിട്ട് ഓൺലൈൻ ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് അബുദാബി മുനിസിപ്പാലിറ്റി.
ബാൽക്കണികളിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് 1000 ദിർഹം (20,000 ഇന്ത്യൻ രൂപ) പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് നേരത്തെ തന്നെ മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ബാൽക്കണികളിലും ജനലുകളിലും കൈപ്പിടികളിലും തുണികൾ ഉണക്കാനിടുന്നത് കെട്ടിടങ്ങളുടെ സൗന്ദര്യം ഇല്ലാതാക്കുമെന്നും അതുകൊണ്ടുതന്നെ അത് അനുവദിക്കില്ലെന്നും മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്താവന പറയുന്നു. ബാൽക്കണികൾ ദുരുപയോഗം ചെയ്യാതെ നഗരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ താമസക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നാണ് നിർദേശം. തുണികൾ ഉണക്കാനായി ക്ലോത്ത് ഡ്രൈയിങ് റാക്കുകളോ, ഇലക്ട്രോണിക് ക്ലോത്ത് ഡ്രയറുകളോ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.