ദുബൈ: പെരുന്നാൾ കാലത്ത് ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വർധിപ്പിച്ച് വിമാനക്കമ്പനികൾ. രണ്ടുമക്കളടങ്ങുന്ന കുടുംബത്തിന് നാട്ടിൽ പോയിവരാൻ ടിക്കറ്റിന് മാത്രമായി മൂന്ന് ലക്ഷത്തിലേറെ രൂപയാണ് പെരുന്നാളിനോടടുത്ത ദിവസങ്ങളിൽ നൽകേണ്ടിവരുന്നത്.
ഇന്ന് ദുബൈയിൽ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ശരാശരി എണ്ണായിരം രൂപയ്ക്ക് താഴേയാണ് ടിക്കറ്റ് നിരക്കെങ്കിൽ, പെരുന്നാളിന് തൊട്ടുത്ത ദിവസങ്ങളിൽ അഞ്ചിരട്ടിയോളം അധികം കൊടുക്കണം. ഈ മാസം 30ന് ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് 39,505 രൂപയാണ് ഈടാക്കുന്നത്. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 39,786 നൽകേണ്ടിവരുമ്പോൾ കോഴിക്കോടേക്ക് 36,682 രൂപയാണ് നിരക്ക്. ഒരാൾക്ക് നാട്ടിൽ കുടുംബത്തോടൊപ്പം പെരുന്നാൾ കൂടി വരാൻ എൺപതിനായിരം രൂപയോളം ടിക്കറ്റിനു മാത്രം വേണം.