മസ്കത്ത്: രാജ്യത്തെ ചെറിയ പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് കോവിഡ് അവലോകന സുപ്രീം കമ്മിറ്റി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർ മാത്രമേ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ പാടുള്ളൂ. 12 വയസ്സിന് താഴെയുള്ളവരും വാക്സിനെടുക്കാത്തവരും പെരുന്നാൾ പ്രാർഥനകളിൽ പങ്കാളികളാകരുതെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു. കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. മുൻകരുതൽ നടപടികളുടെ ഭാഗമായി ഹസ്തദാനവും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കണം.
സാമൂഹിക അകലം പാലിക്കണമെന്നും തുമ്മുമ്പോഴും ചുമക്കുമ്പോഴും ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കണമെന്നും സുപ്രീം കമ്മിറ്റി പറഞ്ഞു. ഈദ് ആഘോഷങ്ങളുൾപ്പെടെ പൊതുസ്ഥലങ്ങളിൽ എല്ലാ സാമൂഹിക പരിപാടികളും സംഘടിപ്പിക്കുന്നതിന് നിരോധനം നിലനിൽക്കുന്നുണ്ടെന്നും കമ്മിറ്റി അറിയിച്ചു. പള്ളികളിലും ഹാളുകളിലും മറ്റു പൊതു ഇടങ്ങളിലും വിവാഹ, സംസ്കാര ചടങ്ങുകൾക്കും മറ്റും നിരോധനം നിലനിൽക്കുന്നുണ്ടെന്നും കമ്മിറ്റി ഉണർത്തി. നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മുൻകരുതൽ നടപടികൾ ഉപേക്ഷിക്കരുതെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.