ലോകത്തിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട വീട് വാഷിങ്ടൺ കൗണ്ടിയിലെ വൊഹോവ ബേയിൽ ഉണ്ട് .വിജനമായ ഒരു ചെറുദ്വീപിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ചുറ്റും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ വീട് ഇപ്പോൾ വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഏറെ പരിമിതമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് മാത്രമേ ഇവിടെ താമസിക്കാനാകൂ. പൂർണമായും തടിയിലാണ് ഈ വീടിന്റെ നിർമാണം. അത്യാധുനിക സജ്ജീകരണങ്ങൾ ഇല്ലെങ്കിലും ആവശ്യത്തിനുള്ള സൗകര്യങ്ങളൊക്കെ ഇവിടെയുണ്ട്.
ഒരു കിടപ്പുമുറി മാത്രമേ ഈ വീടിനുള്ളു. എന്നാൽ വലിയൊരു ഹാളും അതിന്റെ ഒരു ഭാഗത്തായി കിച്ചണും സജ്ജീകരിച്ചിട്ടുണ്ട്.ഇതേ ഹാളിൽ തന്നെയാണ് ലിവിങ് റൂമും ഡൈനിങ് ഏരിയയും ഒരുക്കിയിരിക്കുന്നത്.ബാത്രൂം സൗകര്യം ഇല്ല എന്നതാണ് ഇവിടെത്തെ മറ്റൊരു പോരായ്മ.
2009 ൽ നിർമിച്ച ഈ വീട് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഇവിടെത്തുന്നവർക്ക് സമ്മാനിക്കുന്നത്. എന്നാൽ ഇപ്പോൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ഈ വീടിന് വില ഇട്ടിരിക്കുന്നത് ഏകദേശം രണ്ടരക്കോടിയോളം രൂപയാണ്. കടൽ കാഴ്ചകൾക്കൊപ്പം പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.