മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ എട്ടാം തോല്‍വി. ലക്നൗ സൂപ്പർ ജയന്റ്സിനോട് 36 റണ്‍സിനാണ് മുംബൈയുടെ പരാജയം. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഈ സീസണില്‍ ഇതുവരെ മുംബൈ ജയമറിഞ്ഞിട്ടില്ല.
39 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 38 റണ്‍സെടുത്ത യുവതാരം തിലക് വര്‍മയും മാത്രമെ മുംബൈക്കായി പൊരുതിയുള്ളു.
ഒന്നാം വിക്കറ്റിൽ ഓപ്പണർ ഇഷാൻ കിഷനും (20 പന്തിൽ 8) രോഹിത് ശർമയും ചേർന്ന് 49 റൺസെടുത്തു. എട്ടാം ഓവറിൽ രവി ബിഷ്ണോയി ഇഷാന്റെ വിക്കറ്റ് വീഴ്ത്തി. തൊട്ടടുത്ത ഓവറിൽ തന്നെ രോഹിത് ശർമയെ ക്രുണാൽ പാണ്ഡ്യയും വീഴ്ത്തി. പിന്നീടെത്തിയ ഡെവാൾഡ് ബ്രവിസ് (5 പന്തിൽ 3), സൂര്യകുമാർ യാദവ് (7 പന്തിൽ 7) എന്നിവർ തിളങ്ങിയില്ല.
അഞ്ചാം വിക്കറ്റിൽ തിലക് വർമയും കീറോൺ പൊള്ളാർഡും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. തിലക് 18–ാം ഓവറിൽ പുറത്തായി. അവസാന ഓവറിൽ പൊള്ളാർഡിന്റെ ഉൾപ്പെടെ മൂന്നു വിക്കറ്റ് വീണു. ജയദേവ് ഉനദ്ഘട്ട് (1 പന്തിൽ 1), ഡാനിയൽ സാംസ് (7 പന്തിൽ 7) എന്നിവരാണ് പുറത്തായ മറ്റു രണ്ടു പേർ.
ലക്നൗവിനായി ക്രുണാൽ പാണ്ഡ്യ മൂന്നു വിക്കറ്റും മൊഹ്സിൻ ഖാൻ, ജേസൻ ഹോൾഡർ, രവി ബിഷ്ണോയി, ആയുഷ് ബദോനി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തിരുന്നു.
62 പന്തുകള്‍ നേരിട്ട രാഹുല്‍ നാലു സിക്സും 12 ഫോറുമടക്കം 103 റണ്‍സോടെ പുറത്താകാതെ നിന്നു. ഈ സീസണില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്. രണ്ടും മുംബൈക്കെതിരേ തന്നെ.
എന്നാല്‍ രാഹുലൊഴികെ ലഖ്നൗ ടീമിലെ മറ്റാര്‍ക്കും ടീം സ്കോറിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. ബാറ്റിംഗിനിറങ്ങിയ ലഖ്നൗവിന് നാലാം ഓവറിൽ ഡി കോക്കിനെ 10 (9) ആദ്യം നഷ്ടമായിരുന്നു.
ഡി കോക്കിന് ശേഷം കളത്തിലറങ്ങിയ മനിഷ് പാണ്ടെയ്ക്ക് മത്സത്തിൽ തിളങ്ങാൻ സാധിച്ചില്ല. 22 പന്തിൽ 22 റൺസ് മാത്രമാണ് അദ്ദേഹത്തിന് അടിച്ചു കൂട്ടാനായത്. പാണ്ടെയ്ക്കു പിന്നാലെ മാർക്കസ് സ്റ്റോയിനിസ് മൂന്ന് റൺസ് മാത്രമെടുത്ത് കളം വിട്ടു. ശേഷം കളത്തിലിറങ്ങിയ ക്രുണാൽ പാണ്ഡ്യയ്ക്കും ( 2 പന്തിൽ 1 റൺ) തിളങ്ങാനായില്ല. ക്രുണാൽ പാണ്ഡ്യക്കു പുറമെ ദീപക് ഹൂഡ (9 പന്തിൽ 10 റൺ), ആയുഷ് ബഡോനി (11 പന്തിൽ 14 റൺസ് ) എന്നിവരും പുറത്തായി.
നാല് ഓവറിൽ 40 റൺസ് വിട്ടുകൊടുത്ത് റിലേ പാട്രിക് മെറിഡിത്ത് 2 വിക്കറ്റ് നേടി. മുംബൈയ്ക്കായി കീറോൺ പൊള്ളാർഡ് രണ്ടും ജസ്പ്രീത് ബുമ്ര, ഡാനിയൽ സാംസ്, എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.