ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കീഴടങ്ങി. ആശിഷ് മിശ്രയുടെ ജാമ്യം കഴിഞ്ഞയാഴ്ച സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ആശിഷ് മിശ്രയെ ലഖിംപുര്‍ ജില്ലാ ജയിലിലേക്ക് മാറ്റി.
ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരകളെ കേൾക്കാതെയാണ് ആശിഷ് മിശ്രക്ക് ജാമ്യം നൽകിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
ഫെബ്രുവരി 10ന് അലഹബാദ് ഹൈക്കോടതി മിശ്രയ്ക്ക് നൽകിയ ജാമ്യമാണ് സുപ്രീം കോടതി റദ്ദാക്കിയത്. കേസിൽ ഇരകളുടെ വാദം ഹൈക്കോടതി കേട്ടില്ലെന്ന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ആശിഷിന് ജാമ്യം നിഷേധിച്ചത്. അറസ്റ്റിലായ സാഹചര്യത്തിൽ മിശ്രയുടെ ജാമ്യ ഹർജി ഇനി അലഹബാദ് ഹൈക്കോടതി ആദ്യം മുതൽ കേൾക്കും.
യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ ഒക്ടോബര്‍ മൂന്നിന് നടന്ന കര്‍ഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. നാല് കര്‍ഷകര്‍ അടക്കം എട്ട് പേരെ കാറോടിച്ച് കയറ്റി കൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയ കോടതി ഒരാഴ്ചക്കകം കീഴടങ്ങണമെന്നും നിര്‍ദേശിച്ചിരുന്നു.
















